News

നവീൻ ബാബുവിന്റെ മരണം; അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയത് ഗൗരവതരം, കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നുവെന്ന് കെ.സുരേന്ദ്രൻ

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.  കണ്ണൂർ ടൗൺ പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് രക്തക്കറയെക്കുറിച്ചുളള പരാമർശമുള്ളത്.

എഡിഎമ്മിന്‍റെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നൽകുന്നതാണ് പുതിയ വാർത്തയെന്നും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും എഫ്ഐആറിലും ഇതിനെ പറ്റി പരാമർശമില്ലാത്തത് സംശയാസ്പദമാണ്. ആഭ്യന്തര വകുപ്പിന്‍റെ ഇടപെടൽ നടന്നുവെന്നത് വ്യക്തമാണ്.

മുഖ്യമന്ത്രിയുടെ നിർദ്ദേശമില്ലാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇത്തരമൊരു നടപടി സ്വീകരിക്കില്ലെന്നുറപ്പാണ്. ഉന്നത ഇടപെടൽ നടന്നതിനാൽ സംസ്ഥാന പൊലീസിൻ്റെ അന്വേഷണം പ്രഹസനമാകും. സിബിഐ അന്വേഷണത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയും സർക്കാരും എതിർക്കുന്നത് മടിയിൽ കനമുള്ളത് കൊണ്ടാണ്. നവീൻ ബാബുവിൻ്റെത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞിരുന്നു. സിബിഐ അന്വേഷണം നടന്നാൽ മാത്രമേ നവീൻ ബാബുവിന്‍റെ കുടുംബത്തിന് നീതി ലഭിക്കുകയുള്ളൂവെന്നും കെ.സുരേന്ദ്രൻ  വ്യക്തമാക്കി.

Most Popular

To Top