News

ഒരു കണ്ടെയ്നർ പൊട്ടിത്തെറിച്ചു; കപ്പലിൽ അപകടകരവും വിഷാംശവും നിറഞ്ഞ വസ്തുക്കൾ

കോഴിക്കോട്: കേരള തീരത്തിനടുത്ത് ചരക്കുകപ്പലിനു തീപിടിച്ച സംഭവത്തിൽ മറ്റൊരു വിവരം കൂടി പുറത്ത്. കപ്പലിലെ ഒരു കണ്ടെയ്നർ പൊട്ടിത്തെറിച്ചു. ഇനിയും സ്ഫോടന സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

20 കണ്ടെയ്നറുകൾ കടലിൽ‌ വീണതായാണ് വിവരം. കൊളംബോയിൽനിന്നു മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിലാണ് തീരത്തുനിന്ന് 78 നോട്ടിക്കൽ മൈൽ (129 കി.മീ) അകലെ വച്ച് രാവിലെ ഒൻപതരയോടെ തീപിടിത്തമുണ്ടായത്. 22 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു. ഇവർക്കു പൊള്ളലേറ്റതായാണ് സൂചന. ഇതിൽ 18 പേർ കടലിൽ ചാടി. ഇവർ രക്ഷാബോട്ടുകളിൽ ഉണ്ടെന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല.

തീപിടിച്ച ചരക്കുകപ്പലിൽ നാലു വിഭാഗങ്ങളിൽപ്പെട്ട അപകടകരമായ വസ്തുക്കൾ ഉണ്ടെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. രക്ഷാദൗത്യത്തിന് കോസ്റ്റ് ഗാർഡിന്റെ അഞ്ച് കപ്പലുകളും മൂന്നു വിമാനങ്ങളുമാണ് ഏർപ്പെട്ടിരിക്കുന്നത്. ഐസിജിഎസ് രാജദൂത്, അർണവേഷ്, സചേത് കപ്പലുകൾ എന്നിവ അപകടസ്ഥലത്തെത്തി. രക്ഷാദൗത്യത്തിനാണ് പ്രഥമ പരിഗണനയെന്ന് കോസ്റ്റ് ഗാർ‌ഡ് അറിയിച്ചു.

ബേപ്പൂരിലെ കോസ്റ്റ് ഗാർഡ് സ്‌റ്റേഷൻ കേന്ദീകരിച്ചായിരിക്കും രക്ഷാപ്രവർത്തനം നടത്തുകയെന്നും അഴീക്കൽ പോർട്ട് ഓഫിസർ ക്യാപ്റ്റൻ അരുൺ കുമാർ പറഞ്ഞു. 269 മീറ്റർ നീളമുള്ളതാണ് അപകടത്തിൽപ്പെട്ട വാൻ ഹായ് 503 കപ്പൽ. തീപിടിക്കാൻ സാധ്യതയുള്ള ദ്രാവകങ്ങൾ (ക്ലാസ് 3), തീപിടിക്കാൻ സാധ്യതയുള്ള ഖരവസ്തുക്കൾ (ക്ലാസ് 4.1), തനിയെ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ (ക്ലാസ് 4.2), അപകടകരമായ വിഷാംശമുള്ള വസ്തുക്കൾ (ക്ലാസ് 6) എന്നീ വിഭാഗങ്ങളിലുള്ള വസ്തുക്കൾ ഈ കപ്പലിൽ ഉണ്ടെന്നും അരുൺ കുമാർ പറഞ്ഞു.

ഏറ്റവും അടുത്തുള്ള കോസ്റ്റ് ഗാർഡ് സ്‌റ്റേഷൻ ബേപ്പൂരാണ്. ഇവിടെ കേരള മാരിടൈം ബോർഡിന്റെ പോർട്ടുണ്ട്. അതുകൊണ്ടുതന്നെ ഏതുതരത്തിലുള്ള ആവശ്യങ്ങൾക്കുമായി ബേപ്പൂർ തുറമുഖം സജ്ജമാക്കിയിട്ടുണ്ട്‌. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അരുൺ കുമാർ പറഞ്ഞു.

Most Popular

To Top