News

ഏഴു മാസത്തെ വിധവാ പെന്‍ഷന്‍ സഹകരണ ബാങ്ക് ജീവനക്കാരനായ സിപിഎം ലോക്കല്‍ സെക്രട്ടറി അടിച്ചു മാറ്റി

അടൂരിൽ സ്ത്രീയുടെ ഏഴു മാസത്തെ വിധവാ പെന്‍ഷന്‍ സഹകരണ ബാങ്ക് ജീവനക്കാരനായ സിപിഎം ലോക്കല്‍ സെക്രട്ടറി അടിച്ചു മാറ്റി. സിപിഎം ഭരിക്കുന്ന കടമ്പനാട് പഞ്ചായത്തിലാണ് സംഭവം. 12-ം വാര്‍ഡില്‍ തുവയൂര്‍ തെക്ക് പറങ്കിമാംവിള വീട്ടില്‍ കെ. ചന്ദ്രികയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് തന്റെ പെന്‍ഷന്‍ മറ്റാരോ തട്ടിയെടുത്തുവെന്ന് കാട്ടി പരാതി നല്‍കിയത്. വിധവ പെന്‍ഷന് മസ്റ്ററിങ് നടത്തുന്നതിന് വേണ്ടി പഞ്ചായത്തില്‍ എത്തിയപ്പോള്‍ ആണ് തന്റെ ഐഡി വഴി അക്കൗണ്ടില്‍ പെന്‍ഷന്‍ പണം വരികയും കഴിഞ്ഞ ഏഴു മാസത്തെ തുക കൈപ്പറ്റിയിട്ടുള്ളതായി അറിഞ്ഞുവെന്നും താന്‍ നേരിട്ടോ അല്ലാതെയോ കഴിഞ്ഞ ഏഴു മാസമായി പെന്‍ഷന്‍ പണം കൈപ്പറ്റിയിട്ടില്ലെന്നുമായിരുന്നു ചന്ദ്രികയുടെ പരാതി.

കടമ്പനാട് സര്‍വീസ് സഹകരണ ബാങ്ക് മുഖേനെയാണ് ചന്ദ്രികയ്ക്കു പെന്‍ഷന്‍ നല്‍കിയിരുന്നത്. സിപിഎം ലോക്കല്‍ സെക്രട്ടറിയായ രഞ്ജുവാണ് പെന്‍ഷന്‍ വിതരണം ചെയ്തത്. പരാതി പഞ്ചായത്തില്‍ സ്വീകരിച്ച് തുടര്‍ നടപടി ആരംഭിച്ചതോടെ രഞ്ജു ചന്ദ്രികയുടെ വീട്ടിലെത്തി പണം കൈമാറി. തന്നെ സഹായിക്കണമെന്ന് ചന്ദ്രികയോട് പറഞ്ഞതായും അറിയുന്നു. വിധവയായ സാധുവിന്റെ പെന്‍ഷന്‍ പണം തട്ടിയെടുത്ത ബാങ്ക് ജീവനക്കാരനെതിരേ തുടര്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തു വന്നു.

 

 

Most Popular

To Top