കോവിഡ് വാക്സിനുകൾക്ക് പാർശ്വ ഫലങ്ങൾ ഏറെ എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ കോവിഡ് വാക്സീൻ പിൻവലിച്ച് അസ്ട്രാസെനക. വ്യവസായ കാരണം എന്നാണു ഇപ്പോൾ വാക്‌സിൻ പിൻവലിക്കാനുള്ള കാരണമായി കമ്പനി പറയുന്നത്. എന്നാൽ കുറച്ച് നാളുകൾക്ക് മുൻപ് തന്നെ കോവിഡ് വാക്സിൻ എടുത്തവർക്ക് പാർശ്വഫലങ്ങൾ ഉണ്ടാകുന്നു എന്ന വാർത്ത വന്നിരുന്നു. ഇപ്പോഴിതാ വിപണിയിൽ നിന്നും വാക്സിൻ പിൻവലിച്ചിരിക്കുകയാണ്. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്‌സിൻ പുറത്ത് വിട്ടത്.
അസ്ട്രാസെനക ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്സീനാണ് കോവിഷീല്‍ഡ്. തുടക്ക സമയം മുതൽ തന്നെ കോടിക്കണക്കിന് ജനങ്ങൾ ആണ് കോവിഷീൽഡ് വാക്സിൻ എടുത്തിരിക്കുന്നത്. ഇത് വരെയും വാക്സിനുമായി ബന്ധപ്പെട്ടു ജനങ്ങൾക്ക് ആശങ്കകൾ ഒന്നുമുണ്ടായിരുന്നില്ല എങ്കിലും യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കോവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായി എന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരുന്നു.
ഇതോടെയാണ് വാക്സീനെ സംബന്ധിച്ച ആശങ്കകൾ തുടങ്ങുന്നത്. വാദങ്ങൾക്ക് ഇടയിൽ ജാമി സ്കോട്ടിന്റെ പരാതി ശരിവയ്ക്കുന്ന തരത്തിലുള്ള മറുപടിയാണ് കമ്പനി കോടതിക്ക് മുൻപിൽ നൽകിയത്. കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്പനി കോടതിയെ അറിയിച്ചത്. അതേസമയം, വാക്സീനെടുത്ത് 21 ദിവസത്തിനകമാണ് പാർശ്വഫലങ്ങളുണ്ടാകേണ്ടത് എന്നും അതിനു ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ കമ്പനിക് കഴിയില്ല എന്നുമാണ് കമ്പനി കോടതിയെ അറിയിച്ചത്.
