ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യപേക്ഷ പരിഗണിക്കാതെ കോടതി. കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി. രാജ്യദ്രോഹക്കുറ്റം ചുമത്തി ബംഗ്ലാദേശ് പോലീസ് അറസ്റ്റുചെയ്ത ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ ഛത്തോഗ്രാം മെട്രോപൊളിറ്റൻ സെഷൻസ് കോടതി ജനുവരി രണ്ടിലേക്ക് മാറ്റി.
നവംബർ 25 നാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് ഇസ്കോൺ ആചാര്യനെ മുഹമ്മദ് യൂനുസ് സർക്കാർ അറസ്റ്റ് ചെയ്തത്. ഹിന്ദു ആചാര്യൻ ചിന്മയ് കൃഷ്ണദാസിന് ജാമ്യം ലഭിക്കാതിരിക്കാൻ പതിനെട്ട് അടവുകളും പയറ്റി മതമൗലികവാദി സർക്കാർ. ഹിന്ദു അഭിഭാഷകർ ഭരണകൂട ഭീഷണികളെ അവഗണിച്ച് കോടതിയിൽ എത്താൻ തയ്യാറായിരുന്നു. എന്നാൽ ഇവരെ കള്ളക്കേസ് ചുമത്തി ജയിലിൽ അടച്ചിരിക്കുകയാണ്.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച ശേഷം അവിടത്തെ ഹിന്ദുക്കൾ വലിയ ആക്രമണങ്ങൾ നേരിടുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. പിന്നാലെ വിവിധയിടങ്ങളിൽ ഇസ്കോൺ സന്ന്യാസിമാരുടെ നേതൃത്വത്തിൽ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. ഒക്റ്റോബറിൽ നടത്തിയ ഒരു റാലിക്കിടെ ബംഗ്ലാദേശി സനാതൻ ജാഗരൺ മഞ്ചിന്‍റെ വക്താവ് ചിന്മയ് കൃഷ്ണദാസും മറ്റു പതിനെട്ടു പേരും ചേർന്ന് ബംഗ്ലാദേശിന്‍റെ ദേശീയ പതാകയ്ക്കു മീതേ കാവിക്കൊടി ഉയർത്തിയതോടെയാണ് പ്രശ്നങ്ങൾ വഷളാകുന്നത്.
