കർണാടകയിലെ ബെലഗാവിൽ നടക്കുന്ന കോൺഗ്രസ് വർക്കിംഗ് കമ്മറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. പരിപാടിയുടെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ ആക്രമണം. ഇന്ത്യയുടെ ഭൂപടം കോൺഗ്രസ് വികലമാക്കി അവതരിപ്പിച്ചെന്നാണ് കുറ്റപ്പെടുത്തൽ.
ഡബ്ല്യുസിസി യോഗത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായിട്ടായിരുന്നു ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചത്. ഇതിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നീ ദേശീയ നേതാക്കളുടെ ചിത്രവും ഒപ്പം മഹാത്മാഗാന്ധിയുടെ ചിത്രവും ഉണ്ട്. ഇതിന് പുറമേ മറ്റ് ചില നേതാക്കളുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനെല്ലാം മുകളിൽ ആയിട്ട് ആയിരുന്നു ഇന്ത്യയുടെ ഭൂപടം. കശ്മീരിന്റെ പകുതിഭാഗം മാത്രമുള്ള ഭൂപടം ആയിരുന്നു ഫ്‌ളക്‌സ് ബോർഡിൽ ചേർത്തിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ബിജെപി രംഗത്ത് വരികയായിരുന്നു. കർണാടക ബിജെപി ഫ്‌ളക്‌സ് ബോർഡിന്റെ ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ സ്‌നേഹത്തിന്റെ കട ചൈനയ്ക്ക് വേണ്ടി എല്ലാ സമയവും തുറന്നിരിക്കുകയാണ് എന്ന വിമർശനത്തോട് കൂടിയായിരുന്നു ബിജെപി ചിത്രങ്ങൾ പങ്കുവച്ചത്.
മഹാത്മാ ഗാന്ധി അധ്യക്ഷനായ വർക്കിംഗ് കമ്മറ്റിയുടെ 100 വാർഷികമാണ് കർണാടകയിലെ ബെലഗാവിൽ കോൺഗ്രസ് ആഘോഷിക്കുന്നത്. ‘ചരിത്രപരമായ’ ഈ യോഗത്തെ കളവ് പറയാൻ വേണ്ടി കോൺഗ്രസ് ഉപയോഗിക്കുകയാണെന്നും ബിജെപി ആരോപിച്ചു. പാർട്ടിയുടെ കർണാടക ഘടകത്തിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ആരംഭിച്ച തർക്കം ഇപ്പോൾ ബിജെപി ദേശീയ നേതൃത്വവും ഏറ്റെടുത്തിട്ടുണ്ട്. ജമ്മു കശ്മീരിനെ പാക്കിസ്ഥാന് കൈമാറുക എന്നത് കോൺഗ്രസിൻ്റെ അജണ്ടയാണ് എന്നും ബിജെപി നേതാക്കൾ പറഞ്ഞു.
