കമാൻഡോ വിനീതിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്. വയനാട് സ്വദേശിയും എസ് ഒ ജി കമാൻഡോയുമായ വിനീത് ഇന്നലെ രാത്രി 8.30ന് അരീക്കോട്ടെ എം.എസ്.പി കാമ്പിൽ വെച്ച് റൈഫിൾ ഉപയോഗിച്ചു സ്വയം നിറയൊഴിക്കുകയായിരുന്നു. ആത്മഹത്യക്ക് കാരണം മേലുദ്യോഗസ്ഥരുടെ പീഡനമാണെന്ന് തെളിയിക്കുന്ന രീതിയിൽ ബന്ധുവിന് അയച്ച വാട്‌സാപ് സന്ദേശമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ‘കൂടെ പണിയെടുത്ത് കൂടെയുള്ളവർക്ക് പണി കൊടുക്കുന്നവരുണ്ട്’ എന്നാണ്, ജീവനൊടുക്കിയ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് കമാൻഡോ വിനീതിന്റെ അവസാന സന്ദേശം.
അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിശീലനത്തിന്റെ ഭാഗമായുള്ള കായിക പരീക്ഷയിൽ വിനീത് പരാജയപ്പെട്ടിരുന്നു. ശാരീരിക പ്രശ്നങ്ങളുള്ളതിനാലാണ് നിശ്ചിത സമയത്ത് ഓടിയെത്താനാകാത്തതെന്നും ഇതോടെ, വലിയ മാനസിക സംഘർഷം അനുഭവിച്ചിരുന്നതായാണ് വിനീതിന്റെ ആത്മഹത്യക്കുറിപ്പിലും വാട്‌സാപ് സന്ദേശത്തിലും പറയുന്നത്.
തന്റെ സന്ദേശം പരിശീലന ചുമതലയുള്ള ഉദ്യോഗസ്ഥനെയും സഹപ്രവർത്തകരെയും കാണിക്കണമെന്നും വിനീത് ബന്ധുവിനോട് നേരത്തെ തന്നെ നിർദ്ദേശിച്ചിരുന്നു. വിനീതിന്റെ ഭാര്യ ഗർഭിണിയാണ് ഇവരെ പരിചരിക്കാനായി അവധി ചോദിച്ചെങ്കിലും ലഭിക്കാത്തതിന്റെ മനോവിഷമത്തിലായിരുന്നു വിനീതെന്നും സഹപ്രവർത്തകർ പറഞ്ഞു.
