News

മലപ്പുറം പരാമർശം; ഉദ്യോഗസ്ഥരെ രാജ്‌ഭവനിലേക്ക് വിളിപ്പിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് സർക്കാർ

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിലേക്ക് വിളിപ്പിക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഗവർണർക്ക് കത്തയച്ചു. വിശദീകരണം നൽകാൻ ഡി ജി പി ഷേഖ് ദർവേഷ് സാഹിബും ചീഫ് സെക്രട്ടറി ശാരദ മുരളീധരനും രാജ്‌ഭവനിലേക്ക് പോകേണ്ടതില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ടെന്നും സർക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്നുമാണ് കത്തിൽ പറയുന്നത്.

മലപ്പുറത്ത് സ്വര്‍ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന ദ ഹിന്ദു പത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിലാണ് നടപടി. ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ദേശവിരുദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന വ്യക്തമായ റിപ്പോർട്ട് നൽകണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ രാജ്‌ഭവനിലേക്ക് വിളിപ്പിക്കാൻ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

ഇന്ന്‌ വൈകിട്ട് 4 മണിക്കാണ് ഡി ജി പിയും ചീഫ് സെക്രട്ടറിയും രാജ്‌ഭവനിൽ നേരിട്ടെത്തി മുഖ്യമന്ത്രിയുടെ പരാമർശത്തിൽ വിശദീകരണം നൽകണമെന്നായിരുന്നു ഗവർണറുടെ നിർദേശം.

Most Popular

To Top