കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ പ്രേരണാ കുറ്റക്കേസില്‍ പ്രതിയായ പിപി ദിവ്യയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫിസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജ്യൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, പിപി ദിവ്യയെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബിജെപി പ്രതിഷേധം. പൊലിസ് ബാരിക്കേഡ് വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ മറിച്ചിടാന്‍ ശ്രമിച്ചു. അര മണിക്കൂറോളം നേരം പൊലിസും പ്രതിഷേധക്കാരും തമ്മില്‍ ബലാബലമുണ്ടായി. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ പി പ്രകാശ് ബാബു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എന്‍ ഹരിദാസ് അധ്യക്ഷനായി. നേതാക്കളായ വിജയന്‍ വട്ടിപ്രം, എം ആര്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.
