ഇന്നത്തെ കാലത്ത് കാർ ഒരു അടിസ്ഥാന ആവശ്യമായി മാറിയിരിക്കുകയാണ്. എന്നാൽ നമ്മൾ നമ്മുടെ സ്വന്തം കാറുകളിൽ ഇരിക്കുമ്പോൾ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ശ്വസിക്കുന്നുണ്ട് എന്ന് എത്രപേർക്ക് അറിയാം? ഇത് ശരിവെക്കുന്ന പഠന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എൻവയോണ്‍മെൻ്റല്‍ സയൻസ് ആൻഡ് ടെക്നോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ ആണ് ഈ കാര്യങ്ങൾ തെളിഞ്ഞിരിക്കുന്നത്. 2015-നും 2022-നും ഇടയില്‍ 101 ഇലക്‌ട്രിക്, ഗ്യാസ്, ഹൈബ്രിഡ് കാറുകളിലാണ് ഇവർ പഠനം നടത്തിയത്.
കാറുകളില്‍ ഉപയോഗിക്കുന്ന ജ്വാലനിയന്ത്രണ രാസവസ്തുക്കള്‍ കാൻസർ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട് എന്നാണ് പഠനത്തിൽ പറയുന്നത്. ഇന്ന് 99% കാറുകളിലും ടിസിഐപിപി എന്ന ഫ്ലേം റിട്ടാർഡൻ്റ് അടങ്ങിയിട്ടുണ്ടെന്നാണ് പഠനം പറയുന്നത്. ഇത് കാൻസറിന് കാരണമാകുന്ന വസ്തുവാണ്. മിക്ക കാറുകളിലും രണ്ട് ഫ്ലേം റിട്ടാർഡൻ്റുകള്‍ കൂടി അടങ്ങിയിട്ടുണ്ടെന്ന് (ടിഡിസിഐപി, ടിസിഇപി) പഠനം ചൂണ്ടിക്കാട്ടുന്നു. ഇവ വലിയ ആപത്തിന് തന്നെ കാരണമാകുന്നുവെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്.
കാർ ഓടിക്കുന്ന ആൾ ഒരു ദിവസം ഒരു മണിക്കൂർ വീതം എങ്കിലും ഓടുന്ന കാറിൽ ചിലവഴിക്കുകയാണെങ്കിൽ ഇത് ഒരു വലിയ ആരോഗ്യ പ്രശ്നം തന്നെ ആയിരിക്കുമെന്നു ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ പ്രധാന ഗവേഷകയും ടോക്സിക്കോളജി സയൻസ് ശാസ്ത്രജ്ഞയുമായ റെബേക്ക ഹോൻ പറയുന്നു. കാറിൽ ദിവസവും കൂടുതൽ സമയം യാത്രചെയ്യുന്നവർക്ക് ഇത്തരത്തിൽ ആരോഗ്യപ്രശ്നം ഉണ്ടാകുമെന്നു റിപ്പോർട്ടുകൾ പറയുന്നു.
