പശ്ചിമ ബംഗാളിലെ ആര്‍ ജി കര്‍ ആശുപത്രിയിലെ ബലാത്സംഗ കൊലപാതക കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി കല്‍ക്കട്ട ഹൈക്കോടതി. പ്രതിയായ സഞ്ജയ് റോയ്ക്ക് വധശിക്ഷ നല്‍കണമെന്ന സിബിഐ അപ്പീല്‍ ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി വ്യക്തമാക്കി.
യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തമാണ് കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷാ വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു . സർക്കാർ ഇരയുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം എന്ന് പറഞ്ഞു . എന്നാൽ നഷ്ടപരിഹാരം ആവശ്യമില്ലെന്ന് പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചു.
2024 ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. സെമിനാർ ഹാളിൽ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച പ്രതി, ഇതിനെ ചെറുത്തതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11 മണിക്ക് തന്നെ ആശുപത്രി പരിസരത്തുണ്ടായിരുന്നു.