ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും. അടിയന്തരമായി ജാമ്യഹർജി പരിഗണിക്കേണ്ട കാര്യം എന്താണെന്ന് കോടതി ചോദിച്ചു. ജാമ്യഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
ഇത് എഫ്‌ഐആര്‍ റദ്ദാക്കാനുള്ള അപേക്ഷയല്ലെന്ന് പറഞ്ഞ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. കീഴ്കോടതിയിൽ ഉന്നയിച്ച അതേ വാദങ്ങൾ തന്നെയാണ് ബോബിയുടെ അഭിഭാഷകൻ ഹൈക്കോടതിയിലും ഉന്നയിച്ചത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു.
ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അറസ്റ്റ് . അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
