ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. ജാമ്യാപേക്ഷ പരിഗണിക്കുന്ന ദിവസം പൊലീസിനോട് കോടതി റിപ്പോർട്ട് തേടും. തുടർന്ന് സെഷൻസ് കോടതി വാദം കേൾക്കും. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ വേണ്ടി എറണാകുളം സെൻട്രൽ പോലീസ് ഇന്ന് അപേക്ഷ നൽകും.
ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം കോടതി നിഷേധിച്ചിരുന്നു . ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസം റിമാൻഡ് ചെയ്തു. റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂർ തലകറങ്ങി വീണിരുന്നു. ഭാരതീയ ന്യായ സംഹിത അനുസരിച്ച് വകുപ്പ് 75, ഉപവകുപ്പ് 1ലെ 1, 4 വകുപ്പുകൾ പ്രകാരം ബോബി ചെമ്മണ്ണൂർ ലൈംഗിക താൽപര്യത്തോടെ സ്പർശിച്ചു എന്നും മോശം ഭാഷയിൽ സംസാരിച്ചു എന്നുമാണ് പ്രോസിക്യൂഷൻ കേസ്
ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അറസ്റ്റ് . പരാതി നൽകിയതിന് പിന്നാലെ ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടപ്പിക്കുന്നു. ഹണി റോസിനെ മോശമായി ചിത്രീകരിക്കണമെന്ന് കരുതിയായിരുന്നില്ല തന്റെ പരാമര്‍ശമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പൊലീസ് നടപടിയില്‍ നന്ദി അറിയിച്ച് നടി ഹണി റോസ് രംഗത്തെത്തിയിരുന്നു. കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും കേരള പൊലീസിനും താനും തന്റെ കുടുംബവും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു എന്നായിരുന്നു ഹണി റോസിന്റെ പ്രതികരണം.
