ഡൽഹിയിലെ സി ആർപിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തിനു പിന്നിൽ ഖലിസ്താന്‍ ഭീകരസംഘടനകളെന്ന് സംശയം. സ്‌ഫോടനത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ ഖലിസ്താന്‍ ഭീകരരുമായി ബന്ധമുള്ള ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന ടെലഗ്രാം ചാനലിലാണ് പ്രചരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭീകരസംഘടനകൾക്ക് പങ്കുണ്ടോയെന്ന അന്വേഷണത്തിൽ പോലീസ് എത്തിയത്.
സ്‌ഫോടനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ ഖലിസ്ഥാൻ സിന്ദാബാദ് എന്ന അടിക്കുറിപ്പോടെയാണ് ചാനലിൽ വീഡിയോ പ്രചരിക്കുന്നത്. വീഡിയോ നിരവധി പാകിസ്താൻ ടെലിഗ്രാമുകളിലൂടെ പ്രചരിക്കുന്നതായും അന്വേഷണ ഏജൻസികൾ കണ്ടെത്തി. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് രോഹിണി പ്രശാന്ത് വിഹാറിലെ സി.ആര്‍.പിഎഫ് സ്‌കൂളിനു സമീപം സ്‌ഫോടനമുണ്ടായത്.
സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സമീപത്തെ ചില കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഖാലിസ്ഥാൻ വിഘടനവാദിയും സിഖ് ഫോർ ജസ്റ്റിസ് നേതാവുമായ ഗുർപത്വന്ത് സിംഗ് പന്നൂനിനെ വധിക്കാൻ മുൻ റോ ഏജന്റ് വികാസ് യാദവ് ലക്ഷ്യമിട്ടിരുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നുണ്ട്. ഇതിന്റെ പ്രകോപനമാണോ സ്‌ഫോടനത്തിന് കാരണമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
