ബിജെപി നേതാവ് സന്ദീപ് വാര്യർ സിപിഐയിൽ ചേരുമെന്ന് സൂചന. സന്ദീപ് പാലക്കാട് നിന്നുള്ള മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിവരം ലഭിച്ചു. പാലക്കാട് കൺവെൻഷനിലെ സന്ദീപിന്റെ നീക്കം മുൻനിശ്ചയിച്ച പ്രകാരമാണെന്നാണ് വിലയിരുത്തൽ. സന്ദീപ് വാര്യർ സിപിഐയിലേക്ക് പോയേക്കാമെന്ന് ബിജെപി നേതൃത്വം സംശയിക്കുന്നു.
അതേസമയം, ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യരുടെ വരവ് തള്ളാതെ സിപിഐ പാലക്കാട് ജില്ലാ നേതൃത്വം. പാര്‍ട്ടിയുടെ നയവും പരിപാടിയും അംഗീകരിച്ചാല്‍ സന്ദീപ് വാര്യര്‍ക്ക് വരാമെന്ന് ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് ട്വന്റിഫോറിനോട് പറഞ്ഞു. പലതരത്തിലുളള ആശയവിനിമയം നടക്കുമെന്നും സുരേഷ് രാജ് പറഞ്ഞു. സിപിഐയിലേക്ക് ആര് വരാന്‍ തയ്യാറായാലും ഇത് തന്നെയാകും സമീപനമെന്ന് സുരേഷ് രാജ് അറിയിച്ചു.
പാലക്കാട്ട് ബിജെപിയുടെ പ്രചാരണത്തിനില്ലെന്ന നിലപാടിലായിരുന്നു സന്ദീപ് വാര്യർ. വിട്ടുനിൽക്കുമ്പോൾ നേതൃത്വത്തിൽനിന്ന് ക്രിയാത്മക നിർദേശം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ലെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.
