News

ഇസ്രയേലിന് തിരിച്ചടി; ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലിൽ 8 സൈനിക‍ർ കൊല്ലപ്പെട്ടു

ലെബനോനിൽ ഹിസ്ബുല്ലയുമായി നേരിട്ട് ഏറ്റുമുട്ടി ഇസ്രയേൽ. ലെബനോൻ അതിർത്തി കടന്നുള്ള ഏറ്റുമുട്ടലിൽ ഇസ്രായേലിന്റെ എട്ട് സൈനികർ കൊല്ലപ്പെട്ടു. ക്യാപ്റ്റൻ ഈറ്റൻ ഇറ്റ്സാക്ക് ഓസ്റ്റർ, ക്യാപ്റ്റൻ ഹരേൽ എറ്റിംഗർ, ക്യാപ്റ്റൻ ഇറ്റായി ഏരിയൽ ഗിയറ്റ്, സർജന്റ് ഫസ്റ്റ് ക്ലാസ് നോം ബാർസിലേ, സർജന്റ് ഫസ്റ്റ് ക്ലാസ് ഓർ മന്റ്സൂർ,സർജന്റ് ഫസ്റ്റ് ക്ലാസ് നസാർ ഇറ്റ്കിൻ, സ്റ്റാഫ്. സെർജന്റ് അൽമ്കെൻ ടെറഫ്, സ്റ്റാഫ് സർജന്റ് ഇഡോ ബ്രോയർ എന്നിവരാണ് തെക്കൻ ലെബനനിലെ കരയുദ്ധത്തിൽ കൊല്ലപ്പെട്ടത്.

വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ ആസ്ഥാനം, ആയുധ സംഭരണ കേന്ദ്രങ്ങൾ, റോക്കറ്റ് ലോഞ്ചറുകൾ എന്നിവ തകർത്തെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. ലെബനനിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഇന്നലെ ഇറാന്റെ വിപ്ലവസേന ടെൽ അവീവ് ജെറുസലേം നഗരങ്ങളിലെ ലക്ഷ്യമിട്ട് ഇരുന്നൂറോളം മിസൈലുകൾ തൊടുത്തെങ്കിലും ഇതുവരെയും ഇസ്രയേൽ തിരിച്ചടിച്ചിട്ടില്ല.

എണ്ണശുദ്ധീകരണശാലകളും ആണവനിലയങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്താനാണ് ഇസ്രയേൽ ആലോചന. ഇറാന്റെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയാൽ വീണ്ടും ഒറ്റപ്പെടുമെന്ന ആശങ്ക ഇസ്രയേലിനുണ്ട്. ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇസ്രയേലിന് നേരെ ഇറാന്റെ നേരിട്ടുള്ള ആക്രമണം.

Most Popular

To Top