കട്ടപ്പനയിൽ ജീവനൊടുക്കിയ സാബുവിനെ സി.പി.എം നേതാവ് ഭീഷണിപ്പെടുത്തുന്ന ശബ്‌ദ രേഖ പുറത്ത്. ബാങ്കിലെത്തിയപ്പോൾ ജീവനക്കാരൻ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോൺ സംഭാഷണത്തിൽ പറയുന്നു. സാബു അടി വാങ്ങിക്കുമെന്ന് മുന്‍ ഏരിയ സെക്രട്ടറി സജി പറയുന്ന ശബ്ദരേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബു നിക്ഷേപതുക തിരികെ ആവശ്യപ്പെട്ട് ബാങ്കിലെത്തിയിരുന്നു എന്നാൽ, ബാങ്ക് പ്രതിസന്ധിയിലായിരുന്നതിനാൽ മാസംതോറും നിശ്ചിത തുക നൽകാമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് തുക നൽകിയിരുന്നു.
എന്നാൽ ഭാര്യയയുടെ തുടർചികിത്സയ്ക്കായി ഈ പണം സാബു തിരികെ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബാങ്കിലെത്തി. പണം നൽകാൻ ബാങ്ക് അധികൃതർ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ജീവനക്കാരുമായി തര്‍ക്കമുണ്ടായി. ബിനോയ് സാബുവിനെ പിടിച്ച് തള്ളി. പിന്നാലെ ബിനോയിയെ തല്ലിയെന്ന് പറഞ്ഞ് അവർ പ്രശ്നമുണ്ടാക്കുകയാണെന്ന് സജിയെ വിളിച്ച് സാബു പരാതി പറയുന്നു. പകുതി പൈസ തന്നിട്ടും ജീവനക്കാരെ പിടിച്ച് തള്ളേണ്ട കാര്യമെന്താണുള്ളതെന്ന് സജി തിരികെ ചോദിച്ചു.
പാര്‍ട്ടി ഓഫിസ് പണിതതിന്റെ പേരില്‍ തനിക്ക് 80 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് ഏരിയ സെക്രട്ടറി പറയുന്നതും പുറത്തുവന്ന ശബ്ദസന്ദേശത്തിലുണ്ട്. ജീവനക്കാരന്‍ ആക്രമിച്ചുവെന്ന് സാബു പറയാന്‍ ശ്രമിച്ചപ്പോള്‍ നിങ്ങളാണ് തങ്ങളുടെ ആളുകളെ ആക്രമിച്ചതെന്ന് സിപിഐഎം നേതാവ് തര്‍ക്കിക്കാന്‍ ശ്രമിച്ചു. സാബുവിന് തല്ലുകൊള്ളേണ്ട സമയം കഴിഞ്ഞെന്നും തങ്ങള്‍ക്ക് പണി പഠിപ്പിക്കാന്‍ അറിയാമെന്നുമുള്ള ഭീഷണികള്‍ സിപിഐഎം നേതാവ് ഫോണ്‍കോളില്‍ ഉടനീളം ആവര്‍ത്തിച്ചു.
കേസിൽ കട്ടപ്പന റൂറൽ ഡെവലപ്പ്മെൻറ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോൾ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുക.
