പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒൻപത് ദിവസം മാത്രം ആണ് സഭാ നീണ്ടുനിൽക്കുന്നത് . ഈ കാലയളവിൽ കാത്തിരിക്കുന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിവിധ വിഷയങ്ങളാണ്. ആദ്യ ദിവസമായ ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സഭ പിരിയും. മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവർക്ക് ആദരമർപ്പിക്കുക എന്നത് മാത്രമാണ് നിയമസഭയുടെ ഇന്നത്തെ അജണ്ട.
തൃശൂര്‍ പൂരം വിവാദവും ആഭ്യന്തര വകുപ്പിന് എതിരെയുള്ള പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളും കത്തിനില്‍ക്കുന്നതിന് ഇടയിലാണ് സഭാസമ്മേളനം. ആറു ബില്ലുകൾ സമ്മേളനത്തിന്റെ പരിഗണനയ്‌ക്കു വരുന്നുണ്ട്. വിവാദവിഷയങ്ങളില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നക്ഷത്രചിഹ്നം നല്‍കിയ ചോദ്യങ്ങളില്‍ നിന്നും നക്ഷത്രചിഹ്നം ഒഴിവാക്കിയ നടപടിയും സഭയില്‍ ചോദ്യം ചെയ്യപ്പെടും. പ്രതിപക്ഷ നേതാവ് നിയമസഭാ സെക്രട്ടേറിയറ്റിന് എതിരെ നല്‍കിയ പരാതിയും സഭയില്‍ വിഷയമാകും.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട പിആർ വിവാദവും, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമെല്ലാം സഭയെ പ്രക്ഷുബ്ധമാക്കും. പ്രതിപക്ഷത്തിന് ഉന്നയിക്കാന്‍ ഒട്ടനവധി പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഈ സഭാ സമ്മേളനത്തില്‍ ഭരണപക്ഷത്തിന് വിയര്‍ക്കേണ്ടി വരും. ഈമാസം 18ന് സഭ അവസാനിക്കും. സഭ സമ്മേളിക്കുന്ന 9 ദിവസവും സർക്കാരിനെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷ.
