മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നൽകിയ പരാതിയുടെ പകർപ്പ് പുറത്തുവിട്ട് പി വി അൻവർ എംഎൽഎ. ഗുരുതരമായ ആരോപണങ്ങളാണ് ശശിക്കെതിരെ പരാതിയിലുള്ളത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതികളുമായി എത്തുന്ന കാണാൻകൊള്ളാവുന്ന സ്ത്രീകളുടെ ഫോൺ നമ്പറുകൾ പി ശശി വാങ്ങി വയ്ക്കുന്നുണ്ട്. കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് അവരോട് പ്രത്യേകം അന്വേഷിക്കുന്നു. അവരിൽ ചിലരോട് ശൃംഗാര ഭാവത്തിൽ സംസാരിച്ചതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഫോൺ കോളുകൾ എടുക്കാതെയായ പരാതിക്കാരിയുണ്ടെന്നും അൻവര്‍ പറയുന്നു.
പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശി തുടർന്നാൽ താങ്ങാനാകാത്ത മാനക്കേടും നാണക്കേടും അധികം വൈകാതെ തന്നെ പാർട്ടിയും മുഖ്യമന്ത്രിയും നേരിടേണ്ടി വരും. ഒരു സഖാവെന്ന നിലയ്ക്ക് ഉത്തമ ബോധ്യത്തോടെയാണ് പാർട്ടിയെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതെന്നും അന്‍വർ പരാതിയിൽ പറയുന്നു.
ഷാജന്‍ സ്‌കറിയ കേസ്, സോളാര്‍ കേസ്, സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട വിവാദം, പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച ആരോപണം, കോഴിക്കോട്ടെ വ്യാപാരിയുടെ കേസ്, രാഹുല്‍ ഗാന്ധിയുടെ കേസ്, പാര്‍ക്കിലെ മോഷണക്കേസ്, സാമ്പത്തിക തര്‍ക്കത്തിലെ മധ്യസ്ഥന്‍ എന്നീ കാര്യങ്ങളില്‍ പി ശശിയെ കുറ്റപ്പെടുത്തിയും അദ്ദേഹത്തിന്റെ ഇടപെടലുകളില്‍ സംശയവും ഉന്നയിച്ചാണ് അന്‍വര്‍ പരാതി നല്‍കിയിട്ടുള്ളത്.
