കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഒഴിഞ്ഞ ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരം ആര് തിരഞ്ഞെടുക്കപ്പെടുമെന്നതില്‍ നിരവധി അഭ്യൂഹങ്ങള്‍ നിലനിൽക്കുകയാണ്. ഇതിനിടെ ലിബറൽ പാർട്ടിയുടെ പട്ടികയിൽ നിലവിലെ ഗതാഗതമന്ത്രിയും ഇന്ത്യൻ വംശജയുമായ അനിത ആനന്ദും ഇടംപിടിച്ചിട്ടുണ്ട്. ഡൊമനിക് ലെബ്ലാങ്ക്, ക്രിസ്റ്റിയ ഫ്രീലാന്‍ഡ്, മെലാനി ജോളി, ഫ്രാങ്കോയ്‌സ് ഫിലിപ്പ് ഷാംപെയ്ന്‍, മാര്‍ക്ക് കാര്‍ണി എന്നിവരുടെ പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുഴങ്ങിക്കേള്‍ക്കുന്നുണ്ട്.
ലിബറല്‍ പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ് അനിത. 2024 സെപ്റ്റംബർ മുതൽ കാനഡയുടെ ഗതാഗത മന്ത്രിയാണ് അനിത ആനന്ദ്. അതിന് മുൻപ് നാഷണൽ ഡിഫൻസ്, ട്രഷറി ബോർഡ് തുടങ്ങി വിവിധ വകുപ്പുകളുടെ മന്ത്രിസ്ഥാനം ഇവർ അലങ്കരിച്ചിരുന്നു. 2019 മുതൽക്ക് ടോറന്റോയിലെ ഓക്‌വില്ലയിൽ നിന്ന് പാർലമെന്റിലെത്തിയ അനിത ഇപ്പോൾ ലിബറൽ പാർട്ടിയുടെ പ്രധാനപ്പെട്ട ഒരു മുഖമാണ്. കനേഡിയന്‍ സായുധസേനയുടെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിലും യുക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ യുക്രെയ്‌ന്, കാനഡയുടെ പിന്തുണ ഉറപ്പാക്കുന്നതിലും അനിത പ്രധാന പങ്കുവഹിച്ചു.
1967 മെയ് 20ന് കെന്റ്‌വില്ലെയിലാണ് അനിത ജനിച്ചത്. സരോജ് ഡി റാം-എസ് വി ആനന്ദ് ദമ്പതികളുടെ മകളാണ് അനിത. ഡോക്ടര്‍മാരും ഇന്ത്യന്‍ വംശജരുമായ ഇവര്‍ 1960കളിലാണ് കാനഡയിലേക്ക് കുടിയേറിയത്. അനിതയ്ക്ക് രണ്ട് സഹോദരിമാര്‍ കൂടിയുണ്ട്. 1995ലായിരുന്നു അനിത ആനന്ദിന്റെ വിവാഹം. ടൊറന്റോ യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്ത് കണ്ടുമുട്ടിയ ജോണ്‍ കനൗല്‍ടോണിനെയാണ് അനിത വിവാഹം കഴിച്ചത്. അഭിഭാഷകനും ബിസിനസ് എക്‌സിക്യൂട്ടീവുമാണ് ജോണ്‍ കനൗല്‍ടോണ്‍. 2019ല്‍ ഓക്‌വില്ലെയില്‍ നിന്നാണ് അനിത എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.
