ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് അമരനെന്ന് ഒന്നടങ്കം പറയുകയാണ് പ്രേക്ഷകർ. ചിത്രത്തിന്റെ ആദ്യ ദിന പ്രതികരണം പോലെ തന്നെ കുതിച്ചുയരുകയാണ് ചിത്രത്തിന്റെ കളക്ഷനും. ആഗോളതലത്തിൽ 42 കോടി രൂപ കടന്നിരിക്കുകയാണ് ചിത്രത്തിന്റെ കളക്ഷൻ. ആദ്യ വാരം തന്നെ കളക്ഷനിൽ അമരൻ ചരിത്രം കുറിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. . സായി പല്ലവി നായികയായി എത്തിയ ചിത്രം കോളിവുഡിലെ ഏറ്റവും പ്രതീക്ഷ അര്‍പ്പിച്ച ദീപാവലി റിലീസായിരുന്നു.
ബുക്ക് മൈ ഷോയിൽ ഈ വർഷം ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റഴിക്കപ്പെട്ട ചിത്രമെന്ന റെക്കോർഡും അമരൻ സ്വന്തമാക്കിയിരുന്നു. വിജയ് ചിത്രമായ ‘ദി ഗോട്ടി’നെയാണ് ‘അമരൻ’ മറികടന്നത്. 32.57k ടിക്കറ്റ് ആണ് ‘അമരൻ’ ഒരു മണിക്കൂറിൽ വിറ്റഴിച്ചത്.
ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച് റിലീസ് ദിനത്തിൽ അമരൻ 21.65 കോടി രൂപയുടെ ഇന്ത്യൻ നെറ്റ് കളക്ഷൻ നേടിയിട്ടുണ്ട്. തമിഴ് പതിപ്പ് 17 കോടി രൂപയാണ് ആദ്യദിന കളക്ഷന്‍ നേടിയത്. തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം പതിപ്പുകൾ യഥാക്രമം 40 ലക്ഷം, 15 ലക്ഷം, 2 ലക്ഷം, ഒരു ലക്ഷം രൂപ നേടി. മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി അഭിനയിക്കുന്നു.
