News

എഡിഎം നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യയുടേത് അപക്വമായ നടപടി, സർക്കാരും പാർട്ടിയും അന്വേഷണം നടത്തും; കെ പി ഉദയഭാനു

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ വിമർശനം ഉന്നയിച്ച് സി.പി.ഐ.എം പത്തനംതിട്ട ജില്ല സെക്രട്ടറി കെ.പി ഉദയഭാനു. ദിവ്യയുടേത് അപക്വമായ നടപടിയാണെന്നും നവീന്റെ മരണത്തിൽ സർക്കാരും പാർട്ടിയും അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണക്കാരുടെ പ്രശ്നങ്ങളോട് താല്പര്യം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു നവീൻ. നവീൻ ബാബുവിന്റേത് പാർട്ടി കുടുംബമാണ്.സംഘടനാനേതൃത്വത്തിൽ അദ്ദേഹം കഴിവ് തെളിയിച്ചയാളാണ്. ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടവനായിരുന്നു നവീൻ. കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് അദ്ദേഹത്തെ മാറ്റുന്നതിന് പാർട്ടി എന്ന രീതിയിൽ ഇടപെട്ടിരുന്നു, അവിടെ നടന്ന സംഭവം നിർഭാഗ്യകരമാണ്.

പൊതുവെ യാത്രയയപ്പിനും അതുപോലെ തന്നെ മരണത്തിനും അനുശോചനം രേഖപ്പെടുത്തുമ്പോൾ ഏതൊരു വ്യക്തിയായാലും അവരുടെ പോസിറ്റീവ് വശങ്ങൾ മാത്രമേ ഈ ഒരു സന്ദർഭത്തിൽ പറയാറുള്ളൂ. ഇങ്ങനെയല്ല ഒരു യാത്രയയപ്പ് പരിപാടിയിൽ പെരുമാറേണ്ടത് ഉദയഭാനു വ്യക്തമാക്കി.

നാട്ടിലേക്ക് ട്രാൻസ്ഫറായി മടങ്ങാനിരിക്കെയാണ് നവീനെ കണ്ണൂരിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്. നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിൽ എത്തിക്കും. മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ പത്തനംതിട്ട കളക്ട്രേറ്റിൽ പൊതുദർശനത്തിന് വച്ചതിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.

 

 

Most Popular

To Top