എഡിഎം നവീൻ ബാബുവിന്റെ വേർപാടിൽ നെഞ്ചുലഞ്ഞ് വീടും നാടും. ഇന്നലെ വൈകുന്നേരത്തോടെ പത്തനംതിട്ടയിലെത്തിച്ച അദ്ദേഹത്തിന്റെ മൃതദേഹം കളക്ടറേറ്റിൽ പൊതുദർശനം തുടരുകയാണ്. ഒപ്പം ജോലി ചെയ്തവരും സുഹൃത്തുക്കളും ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേരാണ് നവീൻ ബാബുവിനെ അവസാനമായി ഒരു നോക്ക് കാണാൻ കളക്ടറേറ്റിലെത്തിയത്. 2 മണിക്ക് മലയാലപ്പുഴയിലെ വീട്ടുവളപ്പിലായിരിക്കും നവീന്റെ സംസ്കാരം.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് ശേഷമാണ് എഡിഎം നവീൻ ബാബുവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. എല്‍ഡി ക്ലാർക്കായിട്ടാണ് നവീൻ ബാബു സർവീസിലെത്തുന്നത്. മിതഭാഷി, എല്ലാവരോടും സൗഹൃദത്തോട് കൂടി മാത്രം ഇടപെടുന്നയാള്‍. നവീനെക്കുറിച്ച് എല്ലാവർക്കും പറയാൻ നല്ലത് മാത്രം. പത്തനംതിട്ട മുൻ കളക്ടർ പി ബി നൂഹ് നവീൻ ബാബുവിനെ അനുസ്മരിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.
