എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹരജിയില്‍ ആവശ്യപ്പെടുന്നത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സിബിഐ അന്വേഷണത്തെ അനുകൂലിക്കുമോ അതോ അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറാമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുകയെന്നതാണ് ഇനി അറിയാനുള്ളത്. സിബിഐ അന്വേഷണത്തിനുള്ള സാധ്യതയും പരിശോധിക്കപ്പെടേണ്ടതാണ്.
യഥാർഥ തെളിവുകൾ മറച്ചുപിടിക്കാനും പ്രതിയെ രക്ഷിക്കാനുളള വ്യജതെളിവുകളുണ്ടാക്കാനുമാണ് അന്വേഷണസംഘത്തിന് വ്യഗ്രതയെന്നും സംശയിക്കുന്നു. മരണത്തിനുശേഷമുളള ഇൻക്വസ്റ്റ് അടക്കമുളള തുടർനടപടികളിലെ വീഴ്ചയും മനപൂർവമാണെന്ന് കരുതേണ്ടിയിരിക്കുന്നു. അടുത്ത ബന്ധുവിൻറെ സാന്നിധ്യം പോലുമില്ലാതെ പൂർത്തിയാക്കിയ നടപടിക്രമങ്ങൾ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നോയെന്നും സംശയമുണ്ട്. അതുകൊണ്ടുതന്നെ നവീൻ ബാബുവിൻറെ മരണത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും മുഴുവൻ പ്രതികളേയും നിയമത്തിനുമുന്നിൽ എത്തിക്കാനും സി ബി ഐ അന്വേഷണം തന്നെ വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
