Film news

നടൻ സിദ്ദിഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി, അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും

ബലാത്സംഗക്കേസില്‍ പ്രതിയായ നടൻ സിദ്ദിഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി. അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി അറിയിച്ചു. സിദ്ദിഖ് തെളിവ് നശിപ്പിക്കുകയാണെന്നും ഫേസ്ബുക്ക് അക്കൗണ്ട് ഉള്‍പ്പെടെ മരവിപ്പിച്ചതിനാല്‍ തേഡ് പാര്‍ട്ടിയുടെ സഹായത്തോടെയാണ് വിവരങ്ങള്‍ ലഭിച്ചതെന്നും സിദ്ദിഖ് ഒരു തരത്തിലും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പൊലീസ് കോടതിയില്‍ ഉയര്‍ത്തിയത്.

സംസ്ഥാന സർക്കാരിൻ്റെ സത്യവാങ്മൂലത്തിന് എതിർ സത്യവാങ്മൂലം നല്‍കാൻ സമയം വേണമെന്ന് സിദ്ദിഖ് കോടതിയോട് ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയത്.

കേസിൽ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവർ ഹാജരായി. സിദ്ദിഖിനായി മുതിർന്ന അഭിഭാഷകന്‍ വി ഗിരി, അഭിഭാഷകരായ രഞ്ജീത റോത്തഗി, ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവരും ഹാജരായി.

Most Popular

To Top