News

സ്വത്ത് സമ്പാദന കേസില്‍ പ്രതിക്കു പകരം മണികണ്ഠൻ ആചാരിയുടെ ചിത്രം, നിയമനടപടിക്കൊരുങ്ങി നടൻ

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പത്ര റിപ്പോർട്ടിൽ തന്‍റെ ഫോട്ടോ മാറി നൽകിയതിനെതിരെ പരാതിയുമായി നടൻ മണികണ്ഠൻ ആചാരി. തന്‍റെ ഫോട്ടോ ദുരുപയോഗം ചെയ്തതിനെതിരേ  പത്ര സ്ഥാപനമായ   മനോരമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മണികണ്ഠൻ വ്യക്തമാക്കി.

അനധികൃത സ്വത്ത് സമ്പാദനക്കേസ്; നടന്‍ മണികണ്ഠനു സസ്‌പെന്‍ഷന്‍ എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. നടന്‍ കൂടിയായ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കെ മണികണ്ഠന് സസ്‌പെന്‍ഷന്‍ എന്ന് വാര്‍ത്തയില്‍ പറയുന്നു. ഈ വാര്‍ത്തയ്ക്കാണ് മണികണ്ഠന്‍ ആചാരിയുടെ പടം തെറ്റായി വെച്ചത്. കേസിൽ പ്രതിയായ കെ. മണികണ്ഠനു പകരമാണ് മണികണ്ഠന്‍ ആചാരിയുടെ ചിത്രം അച്ചടിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു കണക്കിൽപ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിലെ എഎംവിഐ യും നടനുമായ കെ. മണികണ്ഠനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത വാർത്ത പുറത്തുവന്നത്. ഈ വാർത്തയിലാണ് മണികണ്ഠന്‍ ആചാരിയുടെ ചിത്രം അച്ചടിച്ചത്.

ഇതിനെതിരെ വീഡിയോ സന്ദേശവുമായി ഇന്‍സ്റ്റഗ്രാമില്‍ മണികണ്ഠന്‍ ആചാരി എത്തിയിരുന്നു .എന്റെ പടം കണ്ടാല്‍ അറിയില്ലേ. ഫോട്ടോ ദുരുപയോഗം ചെയ്തത് വളരെയധികം ബാധിച്ചു. അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കണ്‍ട്രോളര്‍ എന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. നിങ്ങള്‍ അറസ്റ്റിലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു. അവര്‍ക്ക് വിളിക്കാന്‍ തോന്നിയത് കൊണ്ട് മനസ്സിലായി അത് ഞാനല്ലെന്ന്. അയാള്‍ അറസ്റ്റിലായി വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവർ ആലോചിച്ചിരുന്നെങ്കില്‍ എന്റെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്ടപ്പെടുമെന്ന് അറിയില്ല. മണികണ്ഠന്‍ ആചാരി വീഡിയോയില്‍ പറഞ്ഞു.

Most Popular

To Top