മഹാകുംഭമേളയിലെ അപകടത്തിൽ മരണപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രെയുംപെട്ടന്ന് തന്നെ നാട്ടിലെത്തിക്കും. ഇതിനായി എയർ ആംബുലൻസ് ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിന്നും കാണാതായ മറ്റ് 8 പേരുടെ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
ബുധനാഴ്ച്ച പുലർച്ചെ പ്രയാഗ്‌രാജിലെ മഹാകുംഭമേളയിലുണ്ടായ അപകടത്തിൽ തിക്കിലും തിരക്കിലുംപെട്ട് 30 തീർത്ഥാടകർ മരണപ്പെട്ടിരുന്നു. 90 പേർക്കാണ് പരിക്കേറ്റതെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. ബാരിക്കേഡ് മറികടക്കാൻ വലിയ ആള്‍ക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു.
തിക്കിലും തിരക്കിലും മരിച്ചവർക്ക് അഗാധമായ അനുശോചനം പ്രധാനമന്ത്രി നരേന്ദ്ര മോദി രേഖപ്പെടുത്തി. പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിലുണ്ടായ അപകടം അങ്ങേയറ്റം ദുഃഖകരമാണെന്നും. ഇതിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഭക്തർക്ക് എൻ്റെ അഗാധമായ അനുശോചനം. ഇതോടൊപ്പം പരിക്കേറ്റ എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെ എന്നും പ്രധാന മന്ത്രി പറഞ്ഞു.