പലപ്പോഴും നിയമയുദ്ധങ്ങളുടെയും ആശയക്കുഴപ്പങ്ങളുടെയും വിവാദങ്ങളുടെയും വലയില്‍ കുടുങ്ങിയിട്ടുള്ള ഇന്ത്യയിലെ ഒരു പ്രധാന വിഷയമാണ് വഖഫ്. മോദി സര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍ക്കായി മുന്നോട്ട് വന്നതോടെ വഖഫിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് പുതിയ തീവ്രത കൈവന്നിരിക്കുകയാണ്.
മുസ്‍ലിംകളുടെ ഒരു ദാനരീതിയാണ് വഖഫ്. സ്വന്തം ഉടമസ്ഥതയിലുള്ള സ്വത്ത് ദൈവപ്രീതി കാംക്ഷിച്ചു നൽകുന്ന ദാനമാണത്. മുസ്‍ലിംകളുടെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ, ഖബറിടങ്ങൾ, സൂഫി ദർഗകൾ എന്നിവയെല്ലാം സംരക്ഷിക്കപ്പെട്ടുവരുന്നത് ഈ വഖഫ് തത്ത്വം അനുസരിച്ചാണ്. ഒരു വസ്തുവിനെ വഖഫ് ആയി നിശ്ചയിച്ചുകഴിഞ്ഞാല്‍, അത് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല, ശാശ്വതമായി ചാരിറ്റബിള്‍ ട്രസ്റ്റില്‍ തുടരും. ഈ ആശയം സൈദ്ധാന്തികമായി ശ്രേഷ്ഠമാണെങ്കിലും, പ്രായോഗികമായി വലിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വ്യാപകമായ കെടുകാര്യസ്ഥതയുടെയും വിശാലമായ ഭൂമിയില്‍ നിയമവിരുദ്ധമായ അവകാശവാദങ്ങളുടെയും ആരോപണങ്ങള്‍ ഇതിന്റെ പേരില്‍ ഉയര്‍ന്ന് കഴിഞ്ഞു.
1995 ലെ വഖഫ് നിയമത്തിൻ്റെ ഉപവിഭാഗമായ വഖഫ് നിയമത്തിന് കീഴിൽ ഇന്ത്യാ ഗവൺമെൻ്റ് പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സ്റ്റാറ്റ്യൂട്ടറി ബോഡിയാണ് സെൻട്രൽ വഖഫ് കൗൺസിൽ . നിലവിൽ ഇരുപത്തിയെട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി മുപ്പത് വഖഫ് ബോർഡുകൾ രാജ്യത്തുടനീളം ഉണ്ട്. ഗോവ, അരുണാചൽ പ്രദേശ്, മിസോറാം, നാഗാലാൻഡ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശമായ ദാമൻ ദിയുവിനും നിലവിൽ വഖഫ് ബോർഡില്ല. 1995ലെ വഖഫ് നിയമം ജമ്മു കശ്മീരിന് ബാധകമല്ല.
ഇന്ത്യൻ ഭരണഘടനയുടെ 26ാം വകുപ്പ് ഇന്ത്യയിലെ എല്ലാ മതസ്ഥർക്കും തങ്ങളുടെ സ്ഥാപനങ്ങൾ നിർമിക്കാനും കൈകാര്യം ചെയ്യാനും മൗലികാവകാശം ഉറപ്പു നൽകുന്നു. എല്ലാ മത സമുദായങ്ങളിലും ഈ കൃത്യനിർവഹണത്തിന് സർക്കാർ പിന്തുണയുള്ള സംവിധാനങ്ങളുണ്ട്. ഹിന്ദു സമുദായത്തിൽ വിവിധ മത എൻഡോവ്മെന്‍റ് നിയമങ്ങൾ അനുസരിച്ച് ദേവസ്വം ബോർഡ് അടക്കമുള്ള സംവിധാനങ്ങളാണ് ഈ പരിപാലകർ. വഖഫിനെ ചുറ്റിപ്പറ്റിയുള്ള പ്രാഥമിക തര്‍ക്കങ്ങളിലൊന്ന് അതിന്റെ പരിധിയില്‍ അവകാശപ്പെട്ട സ്വത്തുക്കളെ സംബന്ധിച്ചാണ്. ഇന്ത്യയിലുടനീളം, സ്വകാര്യ ഭൂമി മുതല്‍ പ്രധാന നഗര റിയല്‍ എസ്റ്റേറ്റ് വരെയുള്ള ആയിരക്കണക്കിന് സ്വത്തുക്കള്‍ പലപ്പോഴും ശരിയായ ഡോക്യുമെന്റേഷനോ വിവരങ്ങളോ ഇല്ലാതെ വഖഫ് ആയി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
