എ.ഡി.എം. കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രശാന്തനെ വീണ്ടും ചോദ്യം ചെയ്ത് പോലീസ്. പെട്രോൾപമ്പിന് എതിർപ്പില്ലാരേഖ (എൻ.ഒ.സി.) കിട്ടാൻ കൈക്കൂലി നൽകിയെന്ന് ആരോപണമുന്നയിച്ച ടി.വി. പ്രശാന്തന്റെ ആരോപണങ്ങളിൽ വ്യക്തത വരുത്താനാണ് പോലീസ് വീണ്ടും ചോദ്യം ചെയ്തത്.
കണ്ണൂർ ടൗൺ സ്റ്റേഷനിൽ വെച്ചാണ് പോലീസ് മൊഴിയെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയും ഇദ്ദേഹത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. പെട്രോൾപമ്പിന് എൻ.ഒ.സി നൽകുന്നതിനായി നവീൻ ബാബു കൈക്കൂലി ആവശ്യപെട്ടിരുന്നുവെന്നും ഒക്ടോബർ ആറിന് നവീൻ ബാബു താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നും 98,500 രൂപ നൽകിയെന്നുമാണ് പ്രശാന്തൻ മുഖ്യമന്ത്രിക്ക് അയച്ചെന്ന് അവകാശപ്പെട്ട പരാതിയിൽ പറയുന്നത്. ഇതിൽ വ്യക്തത വരുത്താനാണ് പോലീസ് വീണ്ടും ചോദ്യം ചെയ്തത്.
എന്നാൽ വിവിധ രേഖകളിലെ അദ്ദേഹത്തിന്റെ ഒപ്പും പേരുമെല്ലാം ബന്ധപ്പെട്ട് അവ്യക്തത നിലനിൽക്കുകയാണ് അതേസമയം, പരിയാരം മെഡിക്കല്‍ കോളെജിലെ ജീവനക്കാരനായ പ്രശാന്തിനെ പിരിച്ചുവിടാന്‍ ആലോചിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് തിങ്കളാഴ്ച വ്യക്തമാക്കി. കേസിൽ പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. 24ന് വ്യാഴാഴ്ചയായിരിക്കും ദിവ്യയുടെ ജാമ്യ ഹര്‍ജിയിൽ കോടതി വാദം കേള്‍ക്കുക.
