ദില്ലിയിലെ പ്രശസ്തമായ ജുമാമസ്ജിദിൽ സർവേ നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഡയറക്ടർ ജനറലിന് കത്തയച്ചു. മുഗൾ ചക്രവർത്തിയായ ഔറംഗസേബ് നശിപ്പിച്ച ജോധ്പൂരിലെയും ഉദയ്പൂരിലെയും ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളുടെ മുകളിലാണ് മസ്ജിദ് നിർമ്മിച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നു.
ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ, ദേവതകളുടെ വിഗ്രഹങ്ങൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ഹിന്ദുക്കളെ അപമാനിക്കാൻ ഔറംഗസീബ് പള്ളിയുടെ കോണിപ്പടികളിൽ ഉപയോഗിച്ചു. ഉത്തരവാദിത്തപ്പെട്ട അധികാരി എന്ന നിലയിൽ എഎസ്ഐ പള്ളിയുടെ ഘടനയെക്കുറിച്ച് സമഗ്രമായ പരിശോധന നടത്തണമെന്നും ഗുപ്ത പറഞ്ഞു. നിരവധി ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹങ്ങളും മസ്ജിദിൻ്റെ പടിക്കെട്ടിന് താഴെ കുഴിച്ചിട്ടിട്ടുണ്ടെന്ന് കത്തിൽ ആരോപിക്കുന്നു.
വിഷ്ണു ഗുപ്‌തയുടെ അഭ്യർത്ഥനയെക്കുറിച്ച് എഎസ്ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.ക്ഷേത്രങ്ങൾക്കു പകരം മുസ്ലീം പള്ളികൾ സ്ഥാപിച്ചതായി അവകാശപ്പെടുന്ന ഇന്ത്യയിലെ മറ്റ് പ്രധാനപ്പെട്ട ആരാധനാലയങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ഈ അഭ്യർത്ഥന. തന്റെ മതവികാരത്തെ ബാധിക്കുകയും അവിടെ അടക്കം ചെയ്തിരിക്കുന്നതായി വിശ്വസിക്കപ്പെടുന്ന ദേവതകളെ ആരാധിക്കാനുള്ള തൻ്റെ അവകാശത്തെ തടസ്സപ്പെടുത്തുകയും ചെയ്തുവെന്നും ഗുപ്ത ആരോപിച്ചു. അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ ജുമാമസ്ജിദ് അധികൃതർ വിസമ്മതിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ, അജ്മീര്‍ ദര്‍ഗയിലും സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിച്ചിരുന്നു.
