News

വെള്ളം മുടങ്ങിയത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമെന്ന് ജല അതോറിറ്റി , വിശദ റിപ്പോർട്ട് തേടി സർക്കാർ

തിരുവനന്തപുരം:  വെള്ളം മുടങ്ങിയത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമെന്നാണ് ജല അതോറിറ്റിയുടെ റിപ്പോർട്ട്.  നഗരത്തിലുണ്ടായ കുടിവെള്ള പ്രതിസന്ധിയിൽ വിശദ റിപ്പോർട്ട് നൽകണമെന്ന് സർക്കാർ. അഡീഷണല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിവരങ്ങള്‍ തേടി.

പ്രതിസന്ധി പരിഹരിക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ വീഴ്ച ഉണ്ടായെന്നാണ് ജല അതോറിറ്റി ആഭ്യന്തര അന്വേഷണ റിപ്പോർട്ട്.  44 വാർഡുകളിലെ 5 ലക്ഷത്തോളം വരുന്ന ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ മേൽനോട്ടക്കുറവ് ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

പുതുതായി സ്ഥാപിക്കേണ്ട പൈപ്പ് നിര്‍ദേശിക്കുന്ന ആഴത്തില്‍ കുഴിച്ചിട്ട ശേഷമാണ് പമ്പിങ് നിര്‍ത്തേണ്ടിയിരുന്നത്. എന്നാല്‍ പണി ആരംഭിക്കുമ്പോള്‍ തന്നെ പമ്പിങ് നിര്‍ത്തിവച്ചു. പൈപ്പ് സ്ഥാപിക്കുന്ന സമയത്ത് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉണ്ടായില്ല. പൈപ്പ് സ്ഥാപിച്ച് പമ്പിങ് പുനസ്ഥാപിച്ചപ്പോള്‍ ചോര്‍ച്ച കണ്ടെത്തിയതിന് തുടര്‍ന്ന് വീണ്ടും പമ്പിങ് നിര്‍ത്തേണ്ടിവന്നു.

മേല്‍നോട്ടം നടത്തേണ്ട ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് തടസ്സമായെന്നും ജലവിതരണം നടത്തണമെന്ന് കോര്‍പ്പറേഷനോട് ആവശ്യപ്പെടാത്തത് ഗുരുതര വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുടിവെള്ളം മുടങ്ങിയതിൽ കഴിഞ്ഞ ദിവസം കടുത്ത പ്രതിഷേധമാണ്  നഗരസഭക്ക് മുന്നിൽ നടന്നത്.

Most Popular

To Top