ബിജെപി നിലവിൽ മുങ്ങുന്ന കപ്പലാണെന്നും അത്തരമൊരു ഇടത്തേക്ക് കേരളത്തിൽ നിന്ന് ഒരു കോൺഗ്രസ് എംപിയും പോകില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവും പാർലമെന്റിലെ കോൺഗ്രസ് ചീഫ് വിപ്പുമായ കൊടിക്കുന്നിൽ സുരേഷ് എംപി.
കേരളത്തിലെ ഒരു കോൺഗ്രസ് എംപി ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയെന്ന മാധ്യമവാർത്ത ശുദ്ധ അസംബന്ധമെന്നും കൊടിക്കുന്നിൽ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവായ എംപി കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേരുമെന്നുള്ള വാർത്ത ശുദ്ധ അസംബന്ധമാണ്. 2024ലെ പൊതു തിരഞ്ഞെടുപ്പോടെ പ്രസക്തി നഷ്ടപ്പെട്ട ബിജെപി നിലവിൽ മുങ്ങുന്ന കപ്പലാണ്. അത്തരമൊരു ഇടത്തേക്ക് വിശേഷിച്ചും കേരളത്തിൽ നിന്ന് ഒരു കോൺഗ്രസ് എംപിയും പോകില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടക്കം നിരവധി എംഎൽഎമാരും മുതിർന്ന നേതാക്കളുമാണ് ബിജെപി വിട്ട് നിലവിൽ കോൺഗ്രസിലേക്ക് ചേർന്നുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ ഇടതുപക്ഷ ബിജെപി രഹസ്യ ധാരണ പുറത്തായ ഈ അവസരത്തിൽ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ വളർത്തുവാൻ വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നവരുടെ ലക്ഷ്യം. കേരളത്തിലെ ചില മാധ്യമങ്ങൾ ഇത്തരത്തിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചതായി ശ്രദ്ധയിൽപ്പെട്ടു. കോൺഗ്രസ് പാർട്ടിയുടെ ലോക്സഭയിലെ ചീഫ് വിപ്പ് എന്ന നിലയിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം വാർത്തകളെ പൂർണ്ണമായും തള്ളിക്കളയുകയാണെന്നും കൊടിക്കുന്നിൽ ഫേസ്ബുക്കിൽ കുറിച്ചു.












