പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് കത്തെഴുതി ജമ്മുകശ്മീർ ലിബറേഷൻ ഫ്രണ്ട് മേധാവിയായ ഭീകരൻ യാസിൻ മാലിക്കിന്റെ പാകിസ്താൻ സ്വദേശിനിയായ ഭാര്യ. മുഷാൽ മാലിക്കാണ് യാസീൻ മാലിക്കിനായി രാഹുൽ ഗാന്ധി ശബ്ദമുയർത്തണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ഭർത്താവ് ജയിലിൽ നിരാഹാര സമരം നടത്തുകയാണെന്നും , സമരം അവസാനിപ്പിക്കാൻ രാഹുൽ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് . യാസിൻ അഹിംസാവാദിയാണെന്നും ഈ നിരാഹാര സമരം അദ്ദേഹത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് കത്തിൽ പറയുന്നത്.
അദ്ദേഹത്തിന് നീതി ലഭിക്കാൻ ഇടപെടണം. 2019 മുതൽ ബിജെപി സർക്കാർ മാലികിനെ ഇരയാക്കുകയാണ്. ഒരിക്കലും സങ്കൽപ്പിക്കാൻ പോലുമാകാത്ത വിധത്തിലാണത്. 35 വർഷം പഴക്കമുള്ള കേസിലാണ് അദ്ദേഹത്തെ വിചാരണ ചെയ്യുന്നത്. ഇപ്പോൾ എൻ.ഐ.എ ചുമത്തിയ കേസിൽ വധശിക്ഷ നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ പാർലമെന്റിൽ താങ്കളുടെ ധാർമികവും രാഷ്ട്രീയവുമായ സ്വാധീനം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും അവർ കത്തിൽ ആവശ്യപ്പെട്ടു. രാഹുലിന്റെ ഉയർന്ന സ്വാധീനവും , കഴിവും വച്ച് സമാധാനവാദിയായ തന്റെ ഭർത്താവിന് വേണ്ടി പോരടണമെന്നും കത്തിൽ പറയുന്നു . കശ്മീരിലെ സജീവ ഭീകരസംഘടനയായ ജെകെഎൽഎഫിന്റെ നേതാവായിരുന്നു മാലിക്.1990 ജനുവരി 25-ന് നാല് വ്യോമസേനാ ഉദ്യോഗസ്ഥരെ ശ്രീനഗറിലെ റാവൽപോറയിൽ വച്ച് വെടിവച്ച് കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.
