പൂരനഗരിയിൽ സുരേഷ് ഗോപി ആംബുലൻസിൽ എത്തിയ സംഭവത്തിൽ പിആർ ഏജൻസി ജീവനക്കാരൻ്റെ മൊഴിയെടുക്കും. വരാഹ ഏജൻസിയുടെ അഭിജിത്തിനെയാണ് മൊഴിയെടുക്കാൻ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിട്ടുള്ളത്. തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സുരേഷ് ഗോപിക്ക് എത്താൻ ആംബുലൻസ് വിളിച്ചു വരുത്തിയത് അഭിജിത്താണെന്ന് ആംബുലൻസ് ഡ്രൈവർ മൊഴി നേരുത്തെ മൊഴി നൽകിയിരുന്നു.
പൂരനഗരിയിലെത്താൻ സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ സുമേഷ് പൊലീസിൽ പരാതി നൽകിയിരുന്നു. തൃശൂര്‍പൂര ദിവസം തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവെച്ചതിനുപിന്നാലെ പ്രശ്നപരിഹാരത്തിന് സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലന്‍സിലാണ് വന്നിറങ്ങിയത്. തനിക്ക് കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലന്‍സില്‍ യാത്ര ചെയ്തത് എന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.
