‘സൗഖ്യം സദാ’ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 22 ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് പത്തനംതിട്ട മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമം ആഡിറ്റോറിയത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ആന്റിബയോട്ടിക് അമിത ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ സ്പാര്‍ക്ക് പദ്ധതിയുടെ ഭാഗമായി നാഷണല്‍ സര്‍വീസ് സ്‌കീമുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആധുനിക ലോകത്തെ അശാസ്ത്രീയമായ മരുന്നുപയോഗ ശീലങ്ങള്‍ തിരിച്ചറിയുന്നതിലൂടെ സ്വയം പാകപ്പെടുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കി അവരിലൂടെ സമൂഹത്തില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 21 മുതല്‍ ആരംഭിക്കുന്ന എന്‍.എസ്.എസ്. ക്യാമ്പുകളില്‍ പതിനേഴായിരത്തോളം വരുന്ന വി.എച്ച്.എസ്.ഇ. എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ സ്പാര്‍ക്ക് പദ്ധതി പ്രമേയങ്ങള്‍ ഉള്‍ക്കൊണ്ട് 343 പഞ്ചായത്തുകളിലെ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നു.
