സ്വകാര്യവാഹനം വാടകയ്ക്കു നൽകുന്നവർക്ക് കര്‍ശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്വകാര്യ വാഹനങ്ങൾ മറ്റ് വ്യക്തികളുടെ ഉപയോഗത്തിനായി പണമോ പ്രതിഫലമോ വാങ്ങി നൽകുന്നത് മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. ഇത്തരത്തിലുള്ള കേസുകളിൽ അനധികൃതമായി വാടകയ്ക്ക് നൽകുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടികൾ ഉൾപ്പെടെ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് വ്യാപകമായ റെന്റ് എ കാർ ഇടപാടുകൾ തടയാൻ കർശന നടപടികൾ ആരംഭിച്ചിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. 8 സീറ്റിൽ കൂടുതൽ ഉള്ള വാഹനങ്ങൾ വാഹന ഉടമയുടെയും കുടുംബാംഗങ്ങളുടെയും മാത്രം ഉപയോഗത്തിനായാണ് ഉപയോഗിക്കേണ്ടതെന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാഹനങ്ങൾ സ്വകാര്യ വാഹനമായി രജിസ്റ്റർ ചെയ്ത് നൽകിയിരിക്കുന്നത്. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ ശക്തമാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ പ്രസ്താവനയിൽ വ്യക്തമാക്കി.
