റേമല്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ കരതൊട്ടു. വലിയ നാശനഷ്ടങ്ങൾ ആണ് ബംഗാളിൽ സംഭവിച്ചത്. ശക്തമായി വീശിയ കാറ്റില്‍ സൗത്ത് 24 പർഗാനാസ് ജില്ലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു.ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ച് മാറ്റുകയാണ് ഇപ്പോൾ. 110 മുതല്‍ 120 കിലോമീറ്റർ വരെ വേഗതയിൽ വീശിയ ചുഴലിക്കാറ്റ് വൻ നാഷനഷ്ട്ടങ്ങളാണ് ഇതിനോടകം ഉണ്ടാക്കിയത്.
ചുഴലിക്കാറ്റ് അക്രമാസക്തമായതോടെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ബംഗാളിലെ തീരപ്രദേശങ്ങളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു ലക്ഷത്തിൽ അധികം പേരെയാണ് ഇതിനോടകം ബംഗാളിലെ തീരദേശ പ്രദേശങ്ങളിൽ നിന്നും മാറ്റി താമസിപ്പിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനെ നേരിടാനായി മുന്നൊരുക്കങ്ങൾ നടത്തിയത് വിലയിരുത്തി എന്നും പ്രധാനമന്ത്രി ജനങ്ങളെ അറിയിച്ചു.
ചുഴലിക്കാറ്റ് പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ദുരന്തനിവാരണ സേന സജ്ജമായിരിക്കുകയാണെന്നും ജനങ്ങൾക്ക് യാതൊരുവിധ ഭയവും വേണ്ട എന്നും ആഭ്യന്തര മന്ത്രിയും അറിയിച്ചു. കരസേന, നാവികസേന, കോസ്റ്റ് ഗാർഡ് തുടങ്ങിയ സേനകളും ചുഴലിക്കാറ്റിനെ നേരിടാൻ ഇതിനോടകം തന്നെ സജ്ജമായി കഴിഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇതിനോടകം റെഡ് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
