ചാനൽ ചർച്ചകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാണിച്ച് ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറിനെതിരെ പരാതിയുമായി നടി ഹണി റോസ്. രാഹുൽ ഈശ്വർ ചെയ്യുന്നത് ഓർഗനൈസ്ഡ് ക്രൈം ഓപ്പറേഷനെന്നും മാപ്പ് അർഹിക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് നിയമനടപടിക്ക് ഒരുങ്ങുന്നത്. ഫേസ്ബുക്കിലൂടെയാണ് ഹണി റോസ് ഇക്കാര്യം അറിയിച്ചത്.
‘എന്റെ മൗലിക അവകാശങ്ങളെ നിഷേധിച്ചു കൊണ്ട്, എന്റെ മൗലിക അവകാശങ്ങളിലേക്കു കടന്നുകയറി എന്നെ അപമാനിച്ചു കൊണ്ട് എനിക്കെതിരെ, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും എന്നെ ആക്രമിക്കുകയും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണികളുടെ രീതിയിലും തൊഴിൽ നിഷേധരീതിയിലും, നേരിട്ടും സോഷ്യൽ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോർവിളി കമന്റുകൾക്കും ആഹ്വാനം നടത്തിയ രാഹുൽ ഈശ്വറിനെതിരെ ഞാൻ നിയമനടപടി കൈക്കൊള്ളുന്നു’- ഹണി റോസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
അതേസമയം ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും. അടിയന്തരമായി ജാമ്യഹർജി പരിഗണിക്കേണ്ട കാര്യം എന്താണെന്ന് കോടതി ചോദിച്ചു. ജാമ്യഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു.
