പന്തീരങ്കാവ് ഗാർഹിക പീഡനകേസിൽ അന്വേഷണം തൃപ്തികരമാണെന്നും തന്റെ മകൾക്ക് നീതി ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പ് ഉണ്ടെന്നും യുവതിയുടെ പിതാവ് പറഞ്ഞു. രാഹുലിനെതിരെ ആരോപിച്ച വിവാഹ തട്ടിപ്പിലും സ്ത്രീധന പീഡനത്തിലും ഇപ്പോഴും ഉറച്ച് നിൽക്കുന്നുവെന്നും തന്റെ മകൾ അനുഭവിച്ച കാര്യങ്ങൾ മാത്രമാണ് അതെന്നും പിതാവ് പറഞ്ഞു. വിവാഹം കഴിഞ്ഞതിനു ശേഷം സ്ത്രീധനം കുറഞ്ഞു പോയി എന്ന കാര്യത്തിൽ രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും പരാതി ഉണ്ടായിരുന്നു എന്നും യുവതിയുടെ പിതാവ് പറഞ്ഞു.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ആണ് യുവതിയുടെ പിതാവ് പ്രതികരിച്ചത്. രാഹുലിൻ്റെ പശ്ചാത്തലം വിശദമായി തന്നെ അന്വേഷിക്കണമെന്നും തങ്ങൾ ഇനി ഒരു തരത്തിലും ഉള്ള ഒത്തുതീർപ്പിന് ശ്രമിക്കുന്നില്ല എന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. പെൺ കുട്ടിയുടെ അമ്മയെ രാഹുല്‍ പല തവണ ഫോണില്‍ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. വിവാഹ തട്ടിപ്പാണ് ശരിക്കും നടന്നിരിക്കുന്നത്. ഇപ്പോൾ കേസിന്റെ അന്വേഷണം ശരിയായ രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത് എന്നും മകൾക്ക് നീതി ലഭിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ട് എന്നുമാണ് പെൺകുട്ടിയുടെ പിതാവ് പറയുന്നത്.
