കോണ്‍ഗ്രസില്‍നിന്നു രാജി പ്രഖ്യാപിച്ച് എ.ഐ.സി.സി വക്താവ് രാധിക ഖേര. പാർട്ടിയിൽ തനിക്ക് വിവേചനവും അനീതിയും നേരിടേണ്ടി വന്നു എന്നാണു രാധിക വ്യക്തമാക്കിയിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചതിനെ ചൊല്ലിയുള്ള വിമർശനങ്ങൾ തനിക്ക് നേരിടേണ്ടി വന്നു എന്നും ഇതിനെ ചൊല്ലി താൻ മുതിർന്ന നേതാക്കൾക്ക് പലപ്പോഴും പരാതി നൽകിയിരുന്നു എന്നും എന്നാൽ അനുകൂലമായ നീതി തനിക്ക് അവരിൽ നിന്നും ലഭിച്ചില്ല എന്നും ഇതാണ് താൻ കോൺഗ്രസ്സിൽ നിന്ന് രാജിവെക്കാൻ കാരണം എന്നുമാണ് രാധിക പറയുന്നത്.
എക്‌സിലെ തന്റെ അക്കൗണ്ടിൽ കൂടിയാണ് താൻ കോൺഗ്രസിൽ നിന്ന് രാജി വെച്ച വിവരം രാധിക പരസ്യപ്പെടുത്തിയത്. കൂടാതെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കു നല്‍കിയ രാജിക്കത്തും രാധിക ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. രാധികയുടെ കുറിപ്പ് ഇങ്ങനെ, കോൺഗ്രസ്സ് പാർട്ടിക്ക് വേണ്ടി ആയുസിന്റെ 22 വർഷക്കാലം സമർപ്പിച്ച ആൾ ആണ് താൻ എന്നും എൻ.എസ്.യു.ഐ കാലഘട്ടം മുതല്‍ കോണ്‍ഗ്രസ് മാധ്യമവിഭാഗത്തില്‍ വരെ ആത്മാർഥതയോടെയാണു പ്രവർത്തിച്ചിട്ടുള്ളത് എന്നും എന്നിട്ടും അയോധ്യയിലെ രാമക്ഷേത്രത്തിൽ സന്ദർശനം നടത്തി എന്ന കാരണത്താൽ രാമക്ഷേത്രത്തിനെ പിന്തുണയ്ക്കുന്നു എന്ന ആരോപണം കഴിഞ്ഞ കുറച്ച് നാളുകൾ ആയി തനിക്കെതിരെ വന്നുകൊണ്ടിരിക്കുകയാണ് എന്നും രാധിക പറയുന്നു.
ഈ വിഷയത്തെ ചൊല്ലി ചത്തിസ്ഗഢ് കോണ്‍ഗ്രസ് ഓഫിസിന്റെ നേതൃത്വത്തില്‍ നിന്ന് തനിക്ക് അപമര്യാദ നേരിട്ട സംഭവത്തില്‍ താൻ കോൺഗ്രസ്സിന്റെ മുതിർന്ന നേതാക്കൾക്ക് പരാതി നൽകി എങ്കിലും തനിക്കു നീതി നിഷേധിച്ചെന്നും അത് തന്നെ മാനസികമായി വല്ലാതെ വേദനിപ്പിച്ചു എന്നുമാണ് രാധിക രാജിയിൽ പറയുന്നത്. വലിയ വേദനയോടെയാണ് പാർട്ടി പദവിയില്‍നിന്നും പ്രാഥമിക അംഗത്വത്തില്‍നിന്നും രാജിവയ്ക്കുന്നത് എന്നും എല്ലാ സ്ഥാനത്തുനിന്നും ഒരുപാടുപേർക്കു നീതിക്കായി പോരാടിയിട്ടുണ്ട് എന്നും എന്നാല്‍, സ്വന്തം കാര്യം വന്നപ്പോള്‍ പാർട്ടിയില്‍ അവഗണന നേരിട്ടത് സഹിക്കാൻ കഴിഞ്ഞില്ല എന്നും രാധിക പറയുന്നു. കൂടാതെ ശ്രീരാമന്റെ ഭക്തയെന്ന നിലയില്‍ ഈ കാര്യം തന്റെ മനസ്സിൽ ആഴത്തില്‍ മുറിവേൽപ്പിച്ചിട്ടുണ്ട് എന്നും ഹിന്ദുവാണെന്ന ഒറ്റക്കാരണത്തിന്, അയോധ്യ സന്ദർശിച്ചുവെന്ന ഒറ്റപ്പേരില്‍ തനിക്കു നീതി കിട്ടിയില്ലെന്നും രാധിക വ്യക്തമാക്കി.
