നിലമ്പൂർ എംഎൽഎ പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവച്ചു. രാവിലെ 9.35 ഓടെ നിയമസഭയിലെത്തി സ്പീക്കർ എ.എൻ ഷംസീറിനെ കണ്ട് രാജിക്കത്ത് കൈമാറി. സ്പീക്കറുമായി രാവിലെ കൂടിക്കാഴ്ച നടത്തുമെന്നും ചില നിർണായക തീരുമാനങ്ങളെടുക്കുമെന്നും അൻവർ ഇന്നലെ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
എൽഡിഎഫ് പാളയത്തിൽ നിന്ന് പിണങ്ങിയ ഇറങ്ങിയ അൻവറിൻ്റെ യുഡിഎഫ് പ്രവേശനം അദ്ദേഹം പ്രതീക്ഷിച്ചത് പോലെ സാധ്യമായില്ല. തുടർന്ന് തൃണമൂലിൽ രാഷ്ട്രീയ അഭയം തേടുകയായിരുന്നു. തൃണമൂൽ കോൺഗ്രസിൽ അംഗത്വം എടുത്തതോടെ അയോഗ്യത ഒഴിവാക്കാനാണ് രാജി നീക്കത്തിലേക്ക് അൻവർ കടന്നത്. അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ് ഉൾപ്പെടുന്ന ഇൻഡി സഖ്യത്തിന്റെ ഭാഗമാണ് തൃണമൂൽ. അതുകൊണ്ടു തന്നെ ഉപതെരഞ്ഞെടുപ്പിൽ ഏത് ചിഹ്നത്തിൽ, എങ്ങനെ അൻവർ മത്സരിക്കുമെന്ന കാര്യമാണ് രാഷ്‌ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
