പാലയൂരിൽ ക്രിസ്തുമസ് ആഘോഷ പരിപാടികൾ തടഞ്ഞ് പൊലീസ്. പാലയൂർ ദേവാലയത്തിന്റെ പരിസരത്ത് നടത്താൻ ഉദ്ദേശിച്ചിരുന്ന കലാപരിപാടികളാണ് പൊലീസ് തടഞ്ഞത്. പള്ളി വളപ്പിൽ കരോൾ ഗാനം മൈക്കിൽ പാടരുതെന്നായിരുന്നു പൊലീസിൻ്റെ ഭീഷണി.
സിറോ മലബാർ സഭ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു പൊലീസുകാരുടെ ഭീഷണി. ഇവിടെ കഴിഞ്ഞ വർഷങ്ങളിലും കരോൾ പാട്ട് മത്സമൊക്കെ നടത്താനിരുന്നതാണ്. റോഡിൽ നിന്ന് 200 മീറ്റർ ദൂരമുണ്ട്. പരിപാടി തുടങ്ങുന്നതിന് തൊട്ടു മുമ്പാണ് പൊലീസ് എത്തിയത്. മൈക്ക് കെട്ടി കരോൾ പാടിയാൽ എല്ലാം പിടിച്ചെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്ന് ട്രസ്റ്റി അംഗങ്ങൾ പറയുന്നു.
കമ്മിറ്റി അംഗങ്ങൾ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഫോണിൽ വിളിച്ച് വിവരം ധരിപ്പിക്കുകയായിരുന്നു. കേന്ദ്രമന്ത്രി എസ്ഐയോട് ഫോണിൽ സംസാരിക്കാൻ ശ്രമിച്ചിട്ടും ഇയാൾ തയ്യാറായില്ലെന്ന് വിശ്വാസികൾ പറയുന്നു. സുരേഷ് ഗോപി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും പരിപാടികൾ നടത്താൻ അനുമതി നൽകില്ലെന്ന തീരുമാനത്തിൽ പൊലീസ് ഉറച്ചുനിന്നു.
