കല്‍പറ്റ: വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ബോചെ ഭൂമിപത്ര എന്ന കമ്പനിയുടെ പേരില്‍ ചായപ്പൊടിക്കൊപ്പം സമ്മാനക്കൂപ്പണ്‍ വിതരണം ചെയ്ത സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. വയനാട് ജില്ലാ അസിസ്റ്റന്റ് ലോട്ടറി ഓഫീസറുടെ പരാതിയിലാണ് മേപ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ലോട്ടറി റെഗുലേഷൻ ആക്ടിലെ വിവിധ വകുപ്പുകൾ, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
ചായപ്പൊടി വാങ്ങുമ്പോൾ 100 രൂപാ മുതൽ 10 ലക്ഷം രൂപ വരെ സമ്മാനം ലഭിക്കുന്ന കൂപ്പണുകൾ ലഭിക്കുന്നതായിരുന്നു ബോച്ചെ ടീ ലക്കി ഡ്രോ. ചായപ്പൊടി വില്‍പ്പനയ്ക്കും പ്രമോഷനുമെന്ന വ്യാജേനെ ചായപ്പൊടി പാക്കറ്റിറ്റിനോടൊപ്പം ലോട്ടറി ടിക്കറ്റ് വില്‍ക്കുന്നുവെന്നാണ് എഫ്ഐആറില്‍ ഉള്ളത്. ദിവസേന നറുക്കെടുപ്പ് നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത് കൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി വില്‍പ്പന കുറയുന്നതിനാല്‍ സര്‍ക്കാരിന് നഷ്ടമുണ്ടാവുന്നുവെന്നും എഫ്ഐആറിലുണ്ട്.