മുംബൈ: മഹാരാഷ്‌ട്രയിലെ ആദ്യ ഭൂഗർഭ മെട്രോ പാതയായ കൊളാബ – ബാന്ദ്ര – സ്പീസ് മെട്രോ ലൈൻ 3 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ആരെ ജെവിഎൽആറിനും ബാന്ദ്ര കുർള കോംപ്ലക്‌സിനും ഇടയിലായി വരുന്ന മുംബൈ മെട്രോ ലൈൻ 3 ന്‍റെ 12.69 കിലോമീറ്റർ ദൂരമുള്ള പാതയാണ് തുറക്കുന്നത്.
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, മഹാരാഷ്‌ട്ര ഗവർണർ സി പി രാധാകൃഷ്ണൻ, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
ബാന്ദ്ര കുര്‍ള കോംപ്ലക്സ് മുതല്‍ ആരി വരെയാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്ന പാത. ബികെസിയില്‍ നിന്ന് 30 മിനിറ്റില്‍ താഴെ സമയം കൊണ്ട് 50 രൂപ മാത്രം നല്‍കി ആരിയിലേക്കും തിരിച്ചും യാത്ര ചെയ്യാനാകുമെന്നതാണ് ഈ പാതയുടെ പ്രത്യേകത. നിലവിൽ ഒരുമണിക്കൂർ വേണ്ട യാത്രാസമയമാണ് നേർ പകുതിയായി കുറയുക.
”ശനിയാഴ്ച മുംബൈക്കാർക്ക് സുപ്രധാന ദിനമാണ്! ബഹുമാനപ്പെട്ട പ്രധാനമന്ത്രി മെട്രോ ലൈൻ 3 ഉദ്ഘാടനം ചെയ്യുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഈ നാഴികക്കല്ല് തടസങ്ങളില്ലാത്ത യാത്രയുടെ ഒരു പുതിയ യുഗത്തിന് തുടക്കമിടുന്നു. ദൈനംദിന യാത്രകൾ എളുപ്പവും കാര്യക്ഷമമാക്കുകയും ചെയ്യുന്നു.”- എംഎംആർസി മാനേജിംഗ് ഡയറക്ടർ അശ്വിനി ഭിഡെ പറഞ്ഞു.
