പെരുമ്പാവൂർ ജിഷ വധക്കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി അമീറുൽ ഇസ്ലാം നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതി നൽകിയ വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്റെ മാനസിക നിലയിൽ പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട്. ജയിലിൽ അമീറുൽ ഇസ്ലാമിന്റെ പെരുമാറ്റത്തിലും പ്രശ്നങ്ങളില്ലെന്നാണ് വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നൽകിയ റിപ്പോർട്ട്. അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധി അംഗീകരിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
2016 ഏപ്രില്‍ 28നായിരുന്നു പെരുമ്പാവൂരില്‍ ജിഷ എന്ന യുവതി ക്രൂരമായി കൊല്ലപ്പെട്ടത്. നിയമവിദ്യാര്‍ത്ഥിയായിരുന്നു ജിഷ. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂൺ 16നാണ് അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം പിടിയിലാകുന്നത്. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവിലാണ് അമീറുള്‍ ഇസ്ലാമിനെ കൊച്ചിയിലെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. ഈ വിധിക്കെതിരെയാണ് അമീറുല്‍ ഇസ്ലാം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.