News

പെരിയ ഇരട്ടക്കൊലക്കേസ്; ശിക്ഷിക്കപ്പെട്ട കെവി കുഞ്ഞിരാമൻ അടക്കം നാല് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി

പെരിയ ഇരട്ടകൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കെവി കുഞ്ഞിരാമൻ അടക്കം നാല് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ എന്നിവരാണ് അപ്പീൽ നൽകിയ മറ്റു മൂന്നുപേർ.  പ്രത്യേക സിബിഐ കോടതി വിധിക്കെതിരെയാണ് അപ്പീൽ നൽകിയത്. അഞ്ചുവർഷം തടവിന് ശിക്ഷിച്ചതോടെ ഇവരുടെ ജാമ്യം റദ്ദാക്കിയിരുന്നു. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് നാലുപേരും.

കേസിലെ ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തവും മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

2019 ഫെബ്രുവരി 17 നായിരുന്നു കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം കാസര്‍കോട് പെരിയില്‍ നടന്നത്. രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

Most Popular

To Top