ഇന്ത്യന്‍ ഭരണകൂടത്തിനെതിരായി പോരാടുകയാണെന്ന പാരമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അസമിലെ ഗുവാഹതിയിലുള്ള പാന്‍ ബസാര്‍ പോലീസ് സ്‌റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 152, 197 (1)d എന്നിവ പ്രകാരമാണ് കേസ്. ഭാരതത്തിന്റെ പരമാധികാ ഐക്യത്തെയും അഖണ്ഡതയേയും ശിഥിലമാക്കുന്ന പ്രവൃത്തി ചെയ്തെന്നാണ് കേസില്‍ പറയുന്നത്. ഇത് ജാമ്യമില്ലാക്കുറ്റമാണ്.
മൊൻജിത് ചേതിയ എന്നയാളാണ് പരാതി നല്‍കിയത്. രാഹുലിന്റെ പ്രസ്താവന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിച്ചുവെന്നും ദേശീയ സുരക്ഷയ്‌ക്ക് ഗുരുതരമായ ഭീഷണി ഉയർത്തിയെന്നും പരാതിക്കാരൻ ആരോപിച്ചു. അശാന്തിയും വിഘടനവാദവും പ്രോത്സാഹിപ്പിക്കുന്ന അപകടകരമായ പ്രസ്താവനയാണ് രാഹുല്‍ നടത്തിയതെന്നും, ഭരണകൂടത്തിന്റെ അധികാരം നിയമവിരുദ്ധമാണെന്ന പ്രതിച്ഛായ രാഹുല്‍ സൃഷ്ടിച്ചുവെന്നും പരാതിയില്‍ പറയുന്നു. ആവർത്തിച്ചുള്ള തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ നിന്നുണ്ടായ നിരാശയാണ് രാഹുലിന്റെ പരാമർശങ്ങള്‍ക്ക് പ്രേരണയായതെന്നും ചേതിയ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ ജനുവരി 15ന് രാഹുല്‍ നടത്തിയ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് കേസ്. ഇന്ത്യക്കെതിരെയാണ് യുദ്ധമെന്ന് രാഹുല്‍ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഗുവാഹത്തിയിലെ പാൻ ബസാർ പൊലീസ് സ്റ്റേഷനില്‍ രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
