മുല്ലപ്പെരിയാർ ഡാം ജലനിരപ്പ് 152 അടിയായി ഉയർത്തുന്നത് തമിഴ്നാടിൻ്റെ സ്വപ്നമാണെന്ന് അണക്കെട്ടിലെ ജലസംഭരണം വർധിപ്പിക്കുന്നത് ജനങ്ങളുടെ സ്വപ്നമാണെന്നും തമിഴ്നാട് ഗ്രാമവികസനവകുപ്പ് മന്ത്രി ഐ പെരിയസ്വാമി.
അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 10 വർഷമായി 142 അടിയില്‍ തുടരുകയല്ലേ എന്ന മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിനാണ് മറുപടി. തേനിയില്‍ മഴക്കെടുതി വിലയിരുത്തിയ ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് പ്രതികരണം. മുല്ലപ്പെരിയാറില്‍ അറ്റകുറ്റപ്പണികള്‍ക്ക് കഴിഞ്ഞയാഴ്ച തമിഴ്‌നാടിന് കേരളം അനുമതി നല്‍കിയിരുന്നു.
ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് നല്‍കിയത്. ഏഴു ജോലികള്‍ക്കായി നിബന്ധനയോടെയാണ് അനുമതി. സ്പില്‍വേയിലും സിമന്റ് പെയിന്റിങ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികളാണ് തമിഴ്‌നാട് നടത്തുന്നത്. പുതിയ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കുന്നതുവരെ ജനങ്ങളുടെ ഭീതി ഒഴിവാക്കുന്നതിനായി നിലവിലുള്ള അണക്കെട്ടില്‍ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്ക് മാത്രമാണ് അനുമതി നല്‍കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കി.
