News

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. നവീൻ ബാബുവിന്റേത് കൊലപാതകമാണെന്നും കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്നുമായിരുന്നു കുടുംബത്തിന്റെ വാദം. കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ രാഷ്ട്രീയ പക്ഷപാതപരമായ അന്വേഷണം മാത്രമാണ് നടക്കുക. ഈ സാഹചര്യത്തിൽ കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ സിംഗിൾ ബെഞ്ച് രാവിലെ പത്ത് മണിക്ക് ശേഷമാണ് വിധി പറയുക. യാത്രയയപ്പ് ചടങ്ങിന് ശേഷം ചിലര്‍ നവീന്‍ ബാബുവിനെ കണ്ടു. മരണത്തിലേക്ക് നയിച്ച വസ്തുതകള്‍ എന്താണെന്ന് പുറത്തുകൊണ്ടുവരാനായില്ലെന്നും കുടുംബം ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. കുടുംബം എത്തുന്നതിന് മുന്‍പ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നെന്നും എന്നാല്‍ അതുണ്ടായില്ലെന്നും കുടുംബം വാദിച്ചിരുന്നു. കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല. നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ  നവീൻ ബാബുവിന്റെ കുടുംബം ചൂണ്ടിക്കാണിച്ചിരുന്നു.

Most Popular

To Top