ജയ്പുർ : ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതാൻ ശ്രമിച്ച മൂന്ന് എംബിബിഎസ് വിദ്യാർഥികളടക്കം അഞ്ചുപേർ അറസ്റ്റിൽ. രാജസ്ഥാനിലെ ഭരത്പുരിലെ പരീക്ഷാകേന്ദ്രത്തിലാണ് യഥാര്‍ഥ പരീക്ഷാര്‍ഥിക്ക് പകരം എം.ബി.ബി.എസ്. വിദ്യാര്‍ഥി പരീക്ഷ എഴുതാനെത്തിയത്.
രാഹുല്‍ ഗുര്‍ജാര്‍ എന്ന പരീക്ഷാര്‍ഥിക്ക് പകരം അഭിഷേക് ഗുപ്തയെന്ന എം.ബി.ബി.എസ്. വിദ്യാര്‍ഥിയാണ് പരീക്ഷയ്ക്ക് ഹാജരായിരുന്നത്. തന്റെ സഹപാഠിയായ രവി മീണയുടെ നിര്‍ദേശപ്രകാരമാണ് താന്‍ ആള്‍മാറാട്ടം നടത്തിയതെന്നായിരുന്നു അഭിഷേക് നൽകിയ മൊഴി. ഇതിനായി രാഹുലില്‍നിന്ന് പത്തുലക്ഷം രൂപ രവി മീണ കൈപ്പറ്റിയതായി അഭിഷേക് പറഞ്ഞു.
പരീക്ഷാകേന്ദ്രത്തില്‍ അഭിഷേകിനെ കണ്ട ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നിയതോടെ വിശദമായ പരിശോധന നടത്തുകയും ഉടൻ തന്നെ ഇയാളെ പോലീസിന് കൈമാറുകയുമായിരുന്നു. ഡോ. അഭിഷേക് ഗുപ്ത (23), ഡോ. അമിത് ജാട്ട്, ഡോ. രവികാന്ത്, സൂരജ് കുമാർ, രാഹുൽ ഗുർജാർ എന്നിവരാണ് അറസ്റ്റിലായത്.












